കൊച്ചി: പിഎസ്സി പരീക്ഷാ തട്ടിപ്പിലെ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസിലെ ഏഴാം പ്രതിയും കൊല്ലം അഞ്ചല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനുമായ പത്തനാപുരം കൈതമുക്ക് സ്വദേശി എസ്.ഷിജു സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കൊല്ലം സിജെഎം കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
എസ് ഐ നിയമനത്തിന് 2010 ഒക്ടോബറില്‍ പിഎസ്സി നടത്തിയ പരീക്ഷയില്‍ പ്രതിയടക്കമുള്ളവര്‍ ഗൂഡാലോചന നടത്തി ചോദ്ധ്യപേപ്പര് ചോര്‍ത്തി ഉത്തരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കൈമാറിയെന്നാണ് കേസ്. സൂത്രധാരനായ ഒന്നാം പ്രതിക്ക്, പരീക്ഷയെഴുതിയ ഷിജു അടക്കമുള്ളവര്‍ അഞ്ചുലക്ഷം വീതം വാഗ്ദാനം ചെയ്തെന്നും രണ്ടായിരം രൂപ മുന്‍കൂര്‍ നല്‍കിയന്നുമാണ് കേസ്.
അന്തിമ റിപോര്‍ട്ടില്‍ പരാമര്ശിക്കുന്നുണ്ടന്നല്ലാതെ തനിക്കെതിരെ തെളിവില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പ്രതിക്കെതിരെ വ്യക്തമായ തെളിവണ്ടന്നും പരീക്ഷാ ഹാളില്‍ ഇരിക്കുമ്ബോള്‍ തന്നെ പ്രതിക്ക് മറ്റ് പ്രതികളുടെ ഫോണ്‍ എത്തിയെന്നും തട്ടിപ്പിന് മാത്രമായി മൊബൈല്‍ ഫോണും സിംകാര്‍ഡും സംഘടിപ്പിച്ചെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
വഞ്ചനാകുറ്റം നിലനില്‍ക്കുമെന്നും പൊതു സമുഹത്തിനെതിരായ കുറ്റകൃത്യമാണ് പ്രതികള്‍ നത്തിയതെന്നും ജോലിക്കായി ഉറക്കമൊഴിഞ്ഞ് പഠിക്കുന്ന യുവാക്കളുടെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. തെളിവുകള്‍ പരിശോധിച്ചാണ് വിചാരണക്കോടതിയുടെ തീരുമാനമെന്നും വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയില്‍ തെറ്റില്ലന്നും ജസ്റ്റീസ് അശോക് മേനോന് വ്യക്തമാക്കി.