ദുബായ്: മത സഹിഷ്ണുതയ്‌ക്ക് പേരുകേട്ട യുഎഇയില്‍ ഒരു പുതിയ ഹിന്ദു ക്ഷേത്രം കൂടി ഭക്തര്‍ക്കായി സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ദുബായിലെ ജബല്‍ അലിയില്‍ ഉയര്‍ന്ന ക്ഷേത്രം നാളെ ഔദ്യോഗികമായി തുറക്കുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികളുടെ സ്വപ്നവും പ്രാര്‍ത്ഥനയുമാണ് സഫലമാകുന്നത്. ഒരു മാസം മുന്‍പേ ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു.

വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ദുബായിലെ ജബല്‍ അലി. അവിടെ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. നാലിനു വൈകുന്നേരം 5 മണിക്ക് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കപ്പെടും.

ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരുടെ ഇഷ്ട ദൈവങ്ങളായ 15 ആരാധനാമൂര്‍ത്തികളെ ഈ ക്ഷേത്രത്തില്‍ കുടിയിരുത്തിയിട്ടുണ്ട്. പ്രതിഷ്ഠകള്‍ ഇന്ത്യയില്‍ നിന്നാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണന്‍, മഹാലക്ഷ്മി, അയ്യപ്പന്‍ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.

മണികളും ആനകളും പൂക്കളും അടങ്ങുന്ന ചിത്രപ്പണികളാണ് ക്ഷേത്രത്തിന്റെ വാതിലുകളിലും തൂണുകളിലും ചുവരുകളിലുമുള്ളത്. ഇത് നിര്‍മ്മിതിയുടെ അഴക് വര്‍ധിപ്പിക്കുന്നു. താമരപ്പൂവിലൂടെ പകല്‍ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ മാത്രം ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല.