മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച്‌ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. 2001-ല്‍ പുറത്തിറങ്ങിയ ‘ദുബായ്’ എന്ന ചിത്രത്തിലെ ഒരു പ്രൊപ്പോസിംഗ് സീന്‍ പങ്കുവെച്ച്‌ അശ്വതി എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഇന്നാണെങ്കില്‍ ഇങ്ങനെയൊരു ഡയലോഗ് എഴുതാനോ, മമ്മൂട്ടി എന്ന നടന്‍ അത് പറയാനോ തയ്യാറാകുമായിരുന്നില്ല എന്നാണ് അശ്വതി പറയുന്നത്.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്:

ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേല്‍ തന്നെ ആ കാലത്ത് പ്രത്യേകിച്ച്‌ ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോള്‍ ഇത് കാണുന്ന എല്ലാവര്‍ക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാന്‍ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്.നമ്മള്‍ മാറുന്നുണ്ട്. ഇനിയും മാറും.

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ‘ചേച്ചീ അല്ലേ വീട്ടിലെ എല്ലാ പെണ്ണുങ്ങളും ജോലിക്ക് പോയ അടുക്കള പണി ചെയ്യാന്‍ വീട്ടില്‍ ആരും ഇല്ലെന്ന് പറയുന്ന ഭര്‍ത്താവ് ഉള്ള സീരിയല്‍ ഉള്ളത്. അത് എന്താ നിങ്ങള്‍ ഇടുമ്പോള്‍ ബര്‍മുഡ നമ്മള്‍ ഇടുമ്പോള്‍ വള്ളി നിക്കര്‍’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ആണുങ്ങള്‍ വീട്ടച്ഛന്‍ ആവുന്നതും ഒരു കുറവല്ലെന്നും പറഞ്ഞിരുന്നു, കേട്ടിരുന്നോ’ എന്നാണ് അശ്വതി നല്‍കിയ മറുപടി.