സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിലും വിജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. പതിനാറ് റൺസിനായിരുന്നു ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസാണ് അടിച്ചുകൂട്ടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 പന്തിൽ സെഞ്ച്വറിയടിച്ച ഡേവിഡ‍് മില്ലർ 47 ബോളിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലെത്താൻ സാധിച്ചില്ല. ക്വിൻറൺ ഡികോക്ക് ദക്ഷിണാഫ്രിക്കയ്ക്കായി അർധ സെഞ്ച്വറി നേടി.

പേസർ അർഷ്‌ദീപ് സിംഗ് കൃത്യതയോടെ പന്തെറിഞ്ഞതോടെ 1.4 ഓവറിൽ രണ്ട് റൺസിനിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇരട്ട വിക്കറ്റാണ് നഷ്‌ടമായത്. ക്യാപ്റ്റൻ തെംബാ ബാവുമയും റിലീ റൂസ്സോയും റൺസൊന്നും കൂട്ടിച്ചേർക്കാനാകാതെ കൂടാരം കയറുകയായിരുന്നു. 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സറും ഉൾപ്പടെ 33 റൺസുമായി ഏയ്‌ഡൻ മാർക്രം മുന്നോട്ട് കുതിക്കവേയാണ് അക്‌സർ പട്ടേലിന് മുന്നിൽ കീഴടങ്ങിയത്. അവിടുന്നങ്ങോട്ടാണ് ക്വിൻറൺ ഡികോക്കും ഡേവിഡ് മില്ലറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

13 ഓവർ പൂർത്തിയാകുമ്പോൾ 110/3 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. മില്ലർ 25 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. പിന്നാലെ അക്‌സറിനെ അടിച്ചുപറത്തി ഡികോക്കും ട്രാക്കിലായി. ഇരുവരും ചേർന്ന് 58 പന്തിൽ 100 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എങ്കിലും 238 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് എത്താൻ സന്ദർശകർക്ക് കഴിഞ്ഞില്ല. ഡികോക്ക് 48 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 237 റൺസ് അടിച്ചെടുത്തത്. കെ എൽ രാഹുൽ (28 പന്തിൽ 57), രോഹിത് ശർമ്മ (37 പന്തിൽ 43), സൂര്യകുമാർ യാദവ് (22 പന്തിൽ 61), വിരാട് കോലി (28 പന്തിൽ 49), ഡികെ(7 പന്തിൽ 17) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ.