ജനങ്ങള്‍ക്കിടയിലേക്കിറങ്ങി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. ബിജെപി ഭരിക്കുന്ന കർണാടകയിലൂടെ പുരോഗമിക്കുന്ന യാത്രയില്‍ ഒക്‌ടോബർ ആറിന് ബെല്ലാരിയിൽ സോണിയ ഗാന്ധിയും ഭാരത് ജോഡോയുടെ ഭാഗമാകുമെന്ന് എഐസിസിയിലെ മുതിര്‍ന്ന നേതാവ് ഇടിവി ഭാരതിനോട് പ്രതികരിച്ചു. 1999 ലെ കന്നി തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പരമ്പരാഗത ഗാന്ധി നെഹ്‌റു കോട്ടയായ അമേഠിക്കൊപ്പം തന്നെ ലോക്‌സഭയിലേക്കെത്തിച്ച ബെല്ലാരിയും സോണിയയെ സംബന്ധിച്ച് പ്രധാനമാണെന്നതിനാലാണ് യാത്ര മണ്ഡലത്തിലെത്തുമ്പോള്‍ അവര്‍ പങ്കുചേരാന്‍ കാരണമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ജമ്മു കശ്മീരിൽ സമാപിക്കുന്ന 3,570 കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ടുള്ള 150 ദിവസം നീളുന്ന രാഹുലിന്‍റെ കാൽനട ജാഥ സെപ്റ്റംബർ ഏഴിനാണ് ആരംഭിച്ചത്.