മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ 3,500 കിലോമീറ്റർ പദയാത്ര ആരംഭിച്ച് രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ. ജന്‍ സൂരജ് ക്യാംപയിനിന്‍റെ ഭാഗമായാണ് ബിഹാറിലെ വെസ്‌റ്റ് ചമ്പാരന്‍ ജില്ലയിലെ ഗാന്ധി ആശ്രമത്തിൽ നിന്ന് 3,500 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര പ്രശാന്ത് കിഷോർ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പ്രവേശത്തിന്റെ മുന്നോടിയായാണ് യാത്ര വിലയിരുത്തപ്പെടുന്നത്.

പിന്നോക്കാവസ്ഥ നേരിടുന്ന ബിഹാറിലെ വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് യാത്രയെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിലെ ഗ്രാമങ്ങളും നഗരങ്ങളും കടന്നുള്ള പദയാത്രയാണ് സമൂഹത്തിൽ മെച്ചപ്പെട്ട സംവിധാനം കൈവരിക്കുന്നതിനുള്ള ആദ്യപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള ഉചിതരായവരെ കണ്ടെത്തി അവരെ ജനാധിപത്യ വേദിയിലേക്ക് കൊണ്ടുവരികയും ലക്ഷ്യമാണെന്ന് ജൻ സൂരജ് അടുത്തിടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.