പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ഏഴംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ രവി ജി കെ (43) ആണ് പന്തളം പൊലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി രവിയുടെ സംരക്ഷണയില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം.

ശാരീരികമായും മാനസികമായും പെണ്‍കുട്ടി തളര്‍ന്നിരുന്നു. കുട്ടിയിലെ ഭാവ വ്യത്യാസം ശ്രദ്ധയില്‍ പെട്ട അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് ബോധ്യപ്പെട്ടതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പന്തളം പൊലീസ് സ്‌കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്‌തു.

പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സെപ്‌റ്റംബര്‍ 30 ന് രാത്രി തുമ്പമണ്ണിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ റിപ്പോർട്ട്‌ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പൊലീസ് അയച്ചു.