കര്‍ണാടകയിലെ കനത്ത മഴയ്‌ക്കിടയിലും ഭാരത് ജോഡോ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി. കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒഴുകുന്ന ഒരു നദി പോലെയാണ് ഈ യാത്ര, ചൂടോ തണുപ്പോ മഴയോ കൊടുങ്കാറ്റോ കാരണം ഈ യാത്ര നിലയ്ക്കില്ല, ഈ നദിയിൽ വിദ്വേഷവും അക്രമവും കാണില്ലെന്നും റാലിയെ അഭിസംബോധന ചെയ്‌ത രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 25-ാം ദിവസത്തില്‍ മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് മൈസൂരുവിലെ ബദനവാലുവിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളും പങ്കെടുത്തു.

അഞ്ച് മാസത്തിനുള്ളിൽ 12 സംസ്ഥാനങ്ങളിൽ പര്യടനം നടത്താനാണ് ഭാരത് ജോഡോ യാത്ര കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി സെപ്‌റ്റംബര്‍ 30നാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. അടുത്ത 21 ദിവസം കോണ്‍ഗ്രസ് കര്‍ണാടകയില്‍ പര്യടനം നടത്തും. എല്ലാ ദിവസവും 25 കിലോമീറ്ററാണ് പദയാത്ര പിന്നിടുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയ ശശി തരൂർ വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) ആണ് എഐസിസി ഓഫിസിൽ എത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. അതിനിടെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ് പിന്‍മാറി. ഖാർഗെയെ പോലുള്ള മുതിർന്ന നേതാവിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നാണ് പിന്മാറ്റത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചത്.

ഒക്‌ടോബര്‍ എട്ടിനാണ് നാമനിർദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി. 17നാണ് തെരഞ്ഞെടുപ്പ്. 19 ന് ഫലം പ്രഖ്യാപിക്കും.