കൊച്ചി: സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്‌തെന്ന ഇഡിയുടെ കണ്ടെത്തലും സ്വപ്നയെ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണെന്ന സുപ്രധാന വാദവും അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച പ്രധാന തെളിവുകള്‍ തന്നെയാണ് തുടര്‍ന്നുള്ള അന്വേഷണത്തെ മുന്നോട്ടു നയിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിന് സഹായിക്കാന്‍ ഉപയോഗിച്ചുവെന്ന ഇഡിയുടെ വാദം ശിവശങ്കറിന് മുകളില്‍ അധികാര കേന്ദ്രങ്ങളായിരുന്നവരിലേക്ക് അന്വേഷണം എത്തിക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഇതിന്റെയെല്ലാം വിശദാംശങ്ങളാണ് മുദ്രവച്ച കവറില്‍ ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്.

അധികാരത്തിന്റെ ഇടനാഴികളിലെ സ്വപ്നയുടെ സ്വാധീനം എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പാര്‍സല്‍ ജൂലൈ 5ന് കസ്റ്റംസ് പിടികൂടിയതിന് പിന്നാലെ ഇത് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് ആറാം തീയതി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രാജ്യത്തിനും സമൂഹത്തിനുമെതിരാണെന്ന് കസ്റ്റംസും കോടതിയില്‍ വാദിക്കുമ്പോള്‍ സാമ്പത്തിക ഭീകരവാദമാണ് സ്വര്‍ണക്കടത്തിനുള്ളതെന്ന എന്‍ഐഎയുടെ കണ്ടെത്തലിന് സമാനമാണ് കസ്റ്റംസിന്റെയും വാദം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം കള്ളക്കടത്തുകാരെ സഹായിക്കാന്‍ ശിവശങ്കര്‍ പ്രയോജനപ്പെടുത്തിയെന്ന വിവരവും ഗൗരവമുള്ളതാണ്. അഞ്ചു ദിവസത്തിനു ശേഷം മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ അന്തിമ വിധി എന്തു തന്നെയായാലും അന്വേഷണം സെക്രട്ടറിയേറ്റിലേക്കെത്തുമ്പോള്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്.