കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി മത്സരാര്‍ഥികള്‍ തമ്മില്‍ മുഖാമുഖം വേണമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ മത്സരാര്‍ഥിയും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി തെരഞ്ഞെടുപ്പ് മുഖാമുഖം നടത്തണമെന്ന അഭിപ്രായമാണ് തരൂര്‍ പങ്കുവച്ചത്. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിന് സമാനമായ മുഖാമുഖം നടത്തുന്നതിലൂടെ ജനഹിതം തേടാമെന്നും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎന്നിലെ പരിചയ സമ്പത്ത് : ഐക്യരാഷ്‌ട്ര സംഘടനയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ നേതൃതലത്തില്‍ തനിക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളതെന്ന് തരൂര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള 77 ഓഫിസുകളിലായുള്ള 800-ലധികം ജീവനക്കാര്‍ അടങ്ങുന്ന യുഎന്നിലെ ഏറ്റവും വലിയ ഡിപ്പാർട്ട്‌മെന്റായ പബ്ലിക് ഇൻഫർമേഷന്‍റെ ആശയവിനിമയങ്ങൾ കൈകാര്യം ചെയ്യാനായത് നേട്ടമാണ്.

ഈ സമയത്ത് സംഘടനയുടെ ഘടന തന്നെ യുക്തിപരമായി മാറ്റിയെഴുതാനും, ബജറ്റ് വെട്ടിച്ചുരുക്കാനും സംഘടനയുടെ ഇടപെടലുകള്‍ സജീവമാക്കാനും സാധിച്ചെന്നും തരൂര്‍ മനസ്സുതുറന്നു. അതേസമയം യുഎന്നിനെ നയിക്കാനായി മത്സരിക്കാനും ഇതെല്ലാം സാധ്യമാക്കുന്നതിനും തന്നെ പ്രാപ്‌തനാക്കിയത് പ്രസ്‌തുത സംഘടന തന്നെെയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പൊതു സംവാദത്തോട് യോജിപ്പ് : കോണ്‍ഗ്രസ് പോഷക സംഘടനയായ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്‍റെ സ്ഥാപക ചെയര്‍മാനെന്ന നിലയില്‍ 2017 മുതല്‍ ഇങ്ങോട്ടുള്ള അഞ്ച് വര്‍ഷത്തിനിടെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 10,000 ലധികം പ്രതിഭാസമ്പന്നരെ സൃഷ്‌ടിക്കാന്‍ തനിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ നിലവിലുള്ള സാഹചര്യം മോശമായതിനാല്‍ സംഘടനയുടെ പഴയ ഭാരങ്ങളില്‍ തങ്ങിനില്‍ക്കാതെ ഒരു പുതിയ വീക്ഷണകോണിൽ നിന്ന് സമീപിക്കാൻ കഴിയുന്നത് നേട്ടമായിരിക്കും.

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ കാണുന്നത് പോലെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികൾക്കിടയിൽ പൊതു സംവാദം ആവശ്യമുണ്ടോ എന്നും ഇത് മത്സരാര്‍ഥികളെ സഹായിക്കുമോ എന്നുമുള്ള ചോദ്യത്തിന് ‘ഈ ആശയത്തോട് താന്‍ ചേര്‍ന്ന് നിൽക്കും’ എന്നായിരുന്നു അറുപത്തിയാറുകാരനായ തരൂരിന്‍റെ മറുപടി.

സംവാദം ജനങ്ങളിലേക്കെത്താന്‍ : മത്സരാര്‍ഥികളായ തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്‌ത്രപരമായ വ്യത്യാസങ്ങളൊന്നുമില്ല. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് അവശേഷിക്കുന്നതെന്നും ശശി തരൂര്‍ എംപി പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്കും വോട്ടെടുപ്പിനുള്ള തീയതിക്കും ഇടയിൽ ഏകദേശം രണ്ടര ആഴ്ചകളാണുള്ളത്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ 9,000-ത്തോളം വരുന്ന പ്രതിനിധികളെ സമീപിക്കുന്നത് പ്രായോഗികമായും യുക്തിപരമായും ബുദ്ധിമുട്ടായിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

നെഹ്‌റു-ഗാന്ധി കുടുംബമില്ലാതെ : സ്ഥാനാർഥികൾ തമ്മിലുള്ള ആശയ കൈമാറ്റം പാർട്ടിക്ക് ഗുണകരമാകും. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയുടെ സമീപകാല നേതൃമത്സരത്തിൽ ഈ പ്രതിഭാസം കണ്ടതായും അദ്ദേഹം ഉദാഹരണം മുന്നോട്ടുവച്ചു. 2019 ൽ ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിന്‍റെ തെരഞ്ഞെടുപ്പില്‍ ഒരു ഡസൻ സ്ഥാനാർഥികൾ മത്സരിച്ചപ്പോഴാണ് തെരേസ മേയ്ക്ക് പകരം ബോറിസ് ജോൺസൺ ഒന്നാമതെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ നെഹ്‌റു-ഗാന്ധി കുടുംബം മത്സരത്തിനില്ലെങ്കിലും അവര്‍ക്ക് ഒരു പ്രത്യേക സ്ഥാനം പാർട്ടി അംഗങ്ങളുടെ ഹൃദയത്തിലുണ്ടെന്നും തരൂര്‍ പറഞ്ഞു. ഭരണത്തിലിരിക്കുമ്പോഴും പാര്‍ട്ടി പ്രയാസ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും കോൺഗ്രസിലെ എല്ലാവരെയും ഒരുമിച്ച് അണിനിരത്തി പാർട്ടിയെ നയിച്ചതിന്റെ അനുഭവസമ്പത്ത് അവർക്കുണ്ട്. പാർട്ടിക്കായി രണ്ട് മുൻ പ്രസിഡന്റുമാർ നൽകിയ ആത്യന്തിക ത്യാഗം നാം മറക്കരുതെന്നും അതുകൊണ്ടാണ് തങ്ങളിൽ പലരും പരസ്യമായും രഹസ്യമായും രാഹുൽ ഗാന്ധി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതെന്നും തരൂര്‍ പ്രതികരിച്ചു.

ഔദ്യോഗിക സ്ഥാനാര്‍ഥിയെക്കുറിച്ച് : വിജയ സാധ്യതയില്ലാത്തയാളാണ് എന്ന ടാഗ് പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് തനിക്കറിയാം. ചില കേന്ദ്രങ്ങളില്‍ നിന്ന് ‘ഔദ്യോഗിക സ്ഥാനാർഥി’യെക്കുറിച്ച് സംസാരമുണ്ടായതായും തരൂര്‍ പറഞ്ഞു. എന്നാൽ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധി വധേരയോ നേരിട്ടോ അല്ലാതെയോ ആരെയും പിന്തുണക്കുന്നില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം കോൺഗ്രസ് വ്യാഴാഴ്ച (29.09.2022) പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 24 മുതൽ 30 വരെയായിരുന്നു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ എട്ടാണ്. ഇതുപ്രകാരം ഒക്‌ടോബർ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

ഇതിന് പിന്നാലെ ഒക്‌ടോബർ 17 ന് വോട്ടെടുപ്പ് നടക്കുകയും 19 ന് വോട്ടെണ്ണൽ നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്യും. 9,000 ലധികം പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.