കോടിയേരി ഓണിയൻ ഗവൺമെന്‍റ് ഹൈസ്‌കൂളിൽ തുടങ്ങി തലശേരി വഴി കേരള രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിർണയിച്ച നേതാവായി മാറിയ കോടിയേരി ബാലകൃഷ്ണനെ സിപിഎം എക്കാലവും ഓർക്കുക വിഭാഗീയതയുടെ ചൂടേറ്റ് പിളരാതെ പാർട്ടിയെ ചേർത്തു നിർത്തിയ നേതാവെന്ന നിലയിലാകും. പാർട്ടിയില്‍ പക്ഷങ്ങളും ചേരികളുമുണ്ടായപ്പോൾ കോടിയേരി പാർട്ടിയുടെ പക്ഷത്തായിരുന്നു. ഏത് പക്ഷത്ത് നില്‍ക്കണമെന്ന ആശയക്കുഴപ്പം പാർട്ടി അണികളില്‍ ശക്തമായപ്പോഴാണ് കോടിയേരിയിലെ സഖാവിനെ ശരിക്കും സിപിഎം കണ്ടത്.

വിഭാഗീയതക്കാലം: വിഭാഗീയത എന്നൊന്ന് പാർട്ടിയില്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇന്നത്തെ സിപിഎം നേതൃത്വം പറയുക അത് മാധ്യമങ്ങൾ സൃഷ്‌ടിച്ചതാണെന്നാകും. പക്ഷേ പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയും വിഎസ് അച്യുതാനന്ദൻ കേരളത്തിന്‍റെ ജനനേതാവുമായി സിപിഎമ്മില്‍ ആശയസംഘർഷം പതിവായിരുന്ന നാളുകൾ അത്രപെട്ടെന്ന് വിസ്‌മരിക്കാനാകുന്നതല്ല. പാർട്ടിയിലെ ആശയസംഘർഷങ്ങൾ കൈവിട്ട കളിയായി തുടങ്ങിയ സമയത്താണ് വിഎസ് അച്യുതാനന്ദനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിപിഎമ്മിലെ പ്രാദേശിക തലത്തിലെ പ്രവർത്തകരും നേതാക്കൻമാരും ബദല്‍ രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നത്.

അന്ന് വിഎസിന് വേണ്ടി മുദ്രാവാക്യം വിളിച്ചവർ സിപിഎമ്മിനും പാർട്ടി സെക്രട്ടറിക്കും വേണ്ടി മുദ്രാവാക്യം വിളിച്ചില്ല. സിപിഎമ്മിലെ ആശയവ്യതിയാനത്തിന്‍റെ പേരിലും പരിസ്ഥിതി വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും വിഎസിന് ലഭിച്ച പിന്തുണയും കൂട്ടിച്ചേർത്തപ്പോൾ ഏത് സമയവും വിഎസ് അച്യുതാനന്ദൻ പാർട്ടിയുമായി തെറ്റിപ്പിരിയും എന്ന ചർച്ചകളും സജീവമായി. നിയമസഭയിലേക്ക് വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ കാസർകോട് ജില്ലയിലെ നീലേശ്വരം മുതല്‍ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയില്‍ വരെ പാർട്ടിക്ക് എതിരെ പ്രകടനങ്ങളുണ്ടായി.

സിഐടിയു, എസ്‌എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അതില്‍ അണിചേർന്നു. കോഴിക്കോട് ജില്ലയില്‍ ടിപി ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലും പാലക്കാട് എംആർ മുരളിയുടെ നേതൃത്വത്തിലും സിപിഎമ്മിന് ബദലെന്ന രൂപത്തില്‍ പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാർട്ടികളുണ്ടായി. അതിനിടയില്‍ രണ്ട് പാർട്ടി കോൺഗ്രസുകൾ കടന്നുപോയി.

അനുഭവം ഉൾക്കരുത്താക്കി കോടിയേരി: എംവി രാഘവനും ഗൗരിയമ്മയും അടക്കമുള്ള നേതാക്കൾ പാർട്ടി വിട്ട സാഹചര്യം ഇനിയൊരിക്കലും ഉണ്ടാകരുത് എന്ന നിർബന്ധം സിപിഎമ്മിന് ഉണ്ടായിരുന്നു. കാരണം എംവിആറിനും ഗൗരിയമ്മയ്ക്കും ഒപ്പം വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലെ പ്രവർത്തകരും തൊഴിലാളി വർഗബഹുജന സംഘടന പ്രവർത്തകരും പോയത് പാർട്ടിക്ക് ഉണ്ടാക്കിയത് വലിയ ക്ഷീണമായിരുന്നു. അതുകൊണ്ടുതന്നെ ആ അനുഭവം ഉൾക്കരുത്താക്കിയാണ് കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചത്.

കോടിയേരിയുടേത് വെറുമൊരു ചിരിയായിരുന്നില്ല എന്ന് പാർട്ടിയും പ്രവർത്തകരും അപ്പൊഴേക്കും ശരിക്കും തിരിച്ചറിഞ്ഞിരുന്നു. പോകുന്നവർ പാർട്ടിയില്‍ നിന്ന് പുറത്ത് പോകട്ടെ എന്നതായിരുന്നില്ല കോടിയേരിയുടെ നിലപാട്. പുറത്താക്കലും അച്ചടക്ക നടപടികളുമല്ല, പാർട്ടിയെ തിരിച്ചുപിടിക്കാൻ വേണ്ടത് എന്നതായിരുന്നു കോടിയേരിയുടെ ബോധ്യം. അതിനൊപ്പം നിലപാടുകളിലെ കാർക്കശ്യവും വർഗവഞ്ചകരോടുള്ള നിലപാടിലെ വിട്ടുവീഴ്‌ച ഇല്ലായ്‌മയും സിപിഎമ്മിന് ശരിക്കും കരുത്താകുകയായിരുന്നു.