ഇന്നലെ ചെന്നൈയില്‍ അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കുന്നു. ചെന്നൈയില്‍ നിന്ന് ഇന്ന് ഉച്ചയോടെ എയർ ആംബുലൻസ് മാർഗം കണ്ണൂർ വിമാനത്താവളത്തില്‍ എത്തിച്ച കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലെത്തിച്ചത്. സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജനാണ് കണ്ണൂർ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്.

തലശേരി ടൗണ്‍ ഹാളില്‍ നിന്നുള്ള ദൃശ്യം

തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് തലശേരി ടൗൺ ഹാൾ സാക്ഷിയായത്. സിപിഎം നേതാക്കൾ, മറ്റ് കക്ഷി രാഷ്‌ട്രീയ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, പാർട്ടി പ്രവർത്തകർ എന്നിവർ പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിച്ചു.