ബാബര്‍ അസമിന്‍റ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ബാറ്റിങ് നിരയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ വസിം അക്രം. ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും പന്തടിക്കാനുള്ള പാക് ബാറ്റര്‍മാരുടെ വൈദഗ്ധ്യത്തെയാണ് അക്രം ചോദ്യം ചെയ്തിരിക്കുന്നത്. കുറഞ്ഞത് 180 ഡിഗ്രിയിലെങ്കിലും കളിക്കാന്‍ പാക് ബാറ്റര്‍മാര്‍ തയ്യാറാവണമെന്ന് അക്രം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിലെ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാൻ ബാറ്റിങ്‌ കോച്ച് മുഹമ്മദ് യൂസഫുമൊത്തുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെയാണ് അക്രം ഇക്കാര്യം പറഞ്ഞത്. ” ഞാനാണ് പാകിസ്ഥാനെതിരെ കളിക്കുന്നതെങ്കില്‍, ബാറ്റർമാർ അവരുടെ ഷോട്ടുകൾ എവിടെ അടിക്കുമെന്ന് എനിക്കറിയാം.അവയില്‍ കൂടുതല്‍ വ്യത്യസ്‌തതയില്ല. ആരും അസാധാരണമായി എന്തെങ്കിലും ചെയ്യാൻ പോലും ശ്രമിക്കുന്നില്ല. 360 ഡിഗ്രിയില്‍ കളിക്കണമെന്നൊക്കെ പറഞ്ഞാല്‍ ഒരല്‍പ്പം കൂടുതലാണെന്നറിയാം. എന്നാല്‍ ഒരു 180 ഡിഗ്രിയിലെങ്കിലും കളിക്കൂ. ഇത്തരത്തില്‍ കളിക്കാനാണ് നിങ്ങള്‍ പരിശീലിക്കേണ്ടത്”. അക്രം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആറാം ടി20യില്‍ എട്ട് വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയ ലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 33 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.തകര്‍പ്പന്‍ ഷോട്ടുകളുമായി ഫില്‍ സാള്‍ട്ട് കളം നിറഞ്ഞപ്പോള്‍ പാക് ബോളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. 41 പന്തില്‍ പുറത്താവാതെ 88 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 59 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയ ബാബറായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.