മുംബൈ: മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും കനത്ത പ്രഹരം നല്‍കി ശിവസേന പ്രവര്‍ത്തകര്‍. മുംബൈയിലെ വര്‍ളി മേഖലയില്‍ നിന്നും മൂവായിരത്തോളം ശിവസേന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്ബിലെത്തി.

ബോംബെ ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുവാദം തേടി ദസ്സറ റാലി നടത്താന്‍ തയ്യാറെടുക്കവെയാണ് ഉദ്ധവ് താക്കറെയ്‌ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. ആദിത്യ താക്കറെയുടെ നിയോജക മണ്ഡലത്തില്‍ നിന്നുമുള്ള ഈ ചുവടുമാറ്റം ഉദ്ധവ് പക്ഷത്തിന് വലിയ നാണക്കേടായിരിക്കുകയാണ്.

ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വര്‍ളിയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഐക്യദാര്‍ഡ്യം അറിയിച്ചത്. അതേസമയം യഥാര്‍ത്ഥ ശിവസേന ഏതെന്ന കാര്യത്തില്‍ നിയമപോരാട്ടം തുടരുകയാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തടയാന്‍ താക്കറെ പക്ഷം സമര്‍പ്പിച്ച ഇടക്കാല അപേക്ഷ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.