സസ്‌പെന്‍സ് നിറച്ച സ്ത്രീകേന്ദ്രീകൃതമായ പോസ്റ്ററുകളും ട്രെയിലറുകളും ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം. സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം സുധീഷ് രാമചന്ദ്രന്‍ ആണ്. എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ വരുണ്‍രാജ്, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ച ശ്രീവത്സം ഗ്രൂപ്പ് ഇതാദ്യമായാണ് എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. ‘ഇനി ഉത്തര’ത്തെ കുറിച്ചും പുതിയ സിനിമാസംരംഭത്തെ കുറിച്ചും മനസുതുറക്കുകയാണ് നിര്‍മാതാക്കള്‍.

സിനിമയുടെ തിരക്കഥ തന്നെയാണ് ഈ മേഖലയിലേക്ക് ശ്രീവത്സം ഗ്രൂപ്പിനെ എത്തിച്ചത്. സിനിമാ നിര്‍മാണ മേഖലയിലേക്ക് വരുന്നത് കഥ കേട്ട് ഇഷ്ടപ്പെട്ട് തന്നെയാണ്. കഥ കേട്ടപ്പോള്‍ തന്നെ ഈ പടം ചെയ്യണമെന്ന് തീരുമാനിച്ചു.

വലിയ പ്രതിസന്ധികള്‍ക്ക് ശേഷമാണ് രണ്ടര വര്‍ഷത്തിന് ശേഷം മലയാള സിനിമ വീണ്ടും തീയറ്ററുകളില്‍ അടക്കം സജീവമാകുന്നത്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള ചുവടുവയ്പ്പാകുമോ?

സിനിമ ചെയ്യുകയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ നിര്‍മാതാക്കളുടെയും സംവിധായകന്റെയും ആദ്യത്തെ സിനിമയെന്ന നിലയില്‍ തീയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല പ്രതീക്ഷയുമുണ്ട്. ചിത്രം പൂര്‍ത്തിയായതും ആ നിലയില്‍ തന്നെയാണ്. ലാഗൊന്നും ഇല്ലാതെ ഫാസ്റ്റായി തന്നെയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ഒരു ഇമോഷണല്‍ ത്രില്ലര്‍ മൂവി ആണ് ‘ഇനി ഉത്തരം’. വ്യക്തിപരമായി, ത്രില്ലര്‍ മൂവികള്‍ നിരവധി കാണാറുള്ള ആളാണ് ഞാന്‍. ആദ്യമായി മലയാളത്തില്‍ ഞാന്‍ നിര്‍മിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എന്നതും സന്തോഷമുണ്ടാക്കുന്നു.

ഇനി ഉത്തരത്തെ കുറിച്ച് പറയാനുള്ളത്?

ഇമോഷണല്‍ ത്രില്ലര്‍ ആയതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഇതൊരു ത്രില്ലര്‍ കാണുന്നത് പോലെ മാത്രമായിരിക്കില്ല. വ്യത്യസ്തമായ രീതിയിലാണ് ചിത്രമൊരുക്കിയിട്ടുള്ളത്. സമൂഹത്തിലെ വ്യത്യസ്തമായ സമീപനത്തോടെയാണ് ചിത്രമെത്തുന്നത്.

ഏത് തരം സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവയായിരിക്കും എ&വി എന്റര്‍ടെയിന്‍മെന്‍സ്?

ത്രില്ലർ എന്ന വിഭാഗത്തില്‍ മാത്രം ഒതുങ്ങി വര്‍ക്ക് ചെയ്യണമെന്നില്ല. കഥാപാത്രങ്ങളും കഥയും അത്ര നല്ലതാണെങ്കില്‍ ഇനിയും സിനിമകള്‍ ചെയ്യാമെന്നാണ് ആഗ്രഹിക്കുന്നത്. അതനുസരിച്ച് കഥകള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. ഇനി അടുത്ത സിനിമ ചെയ്യുകയാണെങ്കില്‍ ‘ഇനി ഉത്തര’ത്തിന്റെ റിലീസിന് ശേഷമേ ഉണ്ടാകൂ.