തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങി കുടുംബം. മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് മരിച്ചശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് മാസങ്ങളായിട്ടും തുടുര്‍നടപടികളിലേക്ക് നീങ്ങുന്നില്ലെന്നാണ് കുടംബത്തിന്റെ ആരോപണം.

പെരിങ്ങോട്ടുകരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയിട്ട് ഇന്നലത്തേക്ക് ഒരു വര്‍ഷം തികഞ്ഞു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രുതിയുടെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പാടുകളും മുറിവുകളും ഉള്ളതായി കണ്ടെത്തയതോടെയാണ് മരണം കൊലപതാകമാണെന്ന് കുടുംബം ആരോപിച്ചത്. ആദ്യം അന്തിക്കാട് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ ക്രൈം ബ്രാഞ്ചാണ് ഏറ്റെടുത്തിരിക്കുയാണ്.

ശ്രുതിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ തൃശ്ശൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ച്‌ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ച്‌ വിടുക, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംഗമം.