വാളയാര്‍ കേസില്‍ വിചാരണ കോടതില്‍ സര്‍ക്കാര്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ സാധ്യത. കേസിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിക്കും. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും.

വാളയാറിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ 4 പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. പുനര്‍ വിചാരണക്ക് ഉത്തരവിട്ട കോടതി പുനരന്വേഷണം വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും പറയുന്നു. ഇത് പ്രകാരം പുനരന്വേഷണം സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ തെളിവുകള്‍ക്കെപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് പുതിയ അന്വേഷണത്തിലൂടെ സാധിക്കും. ആത്മഹത്യ പ്രേരണ കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതക സാധ്യത കൂടി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കേസിന്‍റെ നടത്തിപ്പിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും ആലോചനയുണ്ട്. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപെടുന്നു. ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിനും സര്‍ക്കാര്‍ സന്നദ്ധമാണ്. പ്രതികളെ വെറുതെ വിട്ട ജഡ്ജി തന്നെയാണ് ഇപ്പോഴും പോക്സോ കോടതിയിലുള്ളത്. നിയമസഭ തെരത്തെപ്പ് അടുത്തിരിക്കെ പിഴവില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം