പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഹൈക്കോടതി. ഒരു വിഭാഗം അഭിഭാഷകര്‍ക്ക് നേട്ടമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ സാമൂഹിക സേവന പദ്ധതിയായി ഇത്തരം നിയമനങ്ങളെ കാണരുതെന്നും കോടതി. വാളയാര്‍ കേസിലെ അപ്പീല്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും നിയമനത്തില്‍ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഫലപ്രദമായ വിചാരണ നടപടികള്‍ ഉറപ്പുവരുത്താനും ഭരണഘടനാ ബാധ്യത നിറവേറ്റാനുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്. സത്യത്തോട് മാത്രമായിരിക്കണം അവരുടെ കടപ്പാട് .
വാളയാറിലെ കുട്ടികള്‍ക്കുണ്ടായ അനുഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറന്ന രണ്ട് പിഞ്ച് പെണ്‍കുട്ടികളാണ് ഈ ലോകം വിട്ട് പോയത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയും ഇതിനെതിരെ പൊറുക്കാനാവാത്ത അലസത കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെതാണ് ഇന്നത്തെ സമൂഹം. വീടുകളിലും,സ്കൂളുകളിലും, സംരക്ഷണ കേന്ദ്രങ്ങളിലും മാത്രമല്ല, റോഡിലും ജയിലിലുമടക്കം പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുന്നു. ഒരിക്കലും മായാത്ത ഭയവും മാനസിക ആഘാതവുമാണ് ഇത് കുട്ടികളിലുണ്ടാക്കുന്നത്. അവരുടെ ആരോഗ്യത്തേയും വ്യക്തിവികാസത്തെയും അന്തസിനേയും മുറിവേല്‍പ്പിക്കുന്നു.
അന്വേഷണത്തില്‍ വരുത്തുന്ന വീഴ്ചകള്‍ ഗുരുതരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.