തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവം ജനുവരി 15 മുതല്‍ 25 വരെ നടക്കും. കര്‍ശന കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകണം ആഘോഷങ്ങളെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉറൂസുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ആഘോഷങ്ങളിലും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നു മന്ത്രി പറഞ്ഞു. 25ലെ പട്ടണ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തുന്നതിനുള്ള ക്രമീകരണം പള്ളി കമ്മിറ്റി ഉറപ്പാക്കണം. പള്ളിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍, മറ്റു കോവിഡ് പ്രതിരോധ ഉപാധികള്‍ എന്നിവ ഒരുക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പള്ളി കമ്മിറ്റി ഒരുക്കണം. ഇക്കാര്യം ഉറപ്പാക്കാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ബീമാപ്പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ക്കു നിര്‍ദേശം നല്കി. പൂന്തുറ, ശ്രീവരാഹം ഭാഗങ്ങളിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക കണ്ട്രോള് റൂം ബീമാപ്പള്ളിയില്‍ തുറക്കും. ആരോഗ്യ വകുപ്പിന്റെയും പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ഉത്സവാഘോഷങ്ങളില്‍ കര്‍ശന ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കൗണ്‍സിലര്‍മാരായ ജെ. സുധീര്‍, മിലാനി, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, ഡി.സി.പി. ഡോ. ദിവ്യ വി. ഗോപിനാഥ്, എ.ഡി.എം ഇന്‍-ചാര്‍ജ് ഇ.എം. സഫീര്‍, ബീമാപ്പള്ളി മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി എം. ഹാസില്‍, പ്രസിഡന്റ് എ. മാഹീന്, കോര്പ്പറേഷന് സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.