സ്ത്രീ ചെയ്യുന്ന വീട്ടുജോലി പുരുഷന് ചെയ്യുന്ന ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രിം കോടതി. 2014ല്‍ ഡല്‍ഹിയില്‍ വച്ച് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ പരാമര്‍ശം. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
മരിച്ച ദമ്പതികളില്‍ ഭാര്യ വീട്ടമ്മയായിരുന്നു. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്ന് നിശ്ചയിച്ച ട്രൈബ്യൂണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേസിലെ അപ്പീല്‍ പരിഗണിച്ച ഡല്‍ഹി കൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കി. എന്നാല്‍, 33.20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി ഇന്‍ഷൂറന്‍സ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു. ഈ തുകക്ക് മെയ് 2014 മുതലുള്ള 9 ശതമാനം പലിശയും കുടുംബത്തിനു നല്‍കണം.