കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് മലയാള സിനിമ ഇന്‍ഡസ്ട്രയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ആണ് വഴിവച്ചത്. മലയാള സിനിമ പ്രേമികളും, സിനിമ ഇന്‍ഡസ്ട്രിയും, മോഹന്‍ലാല്‍ ആരാധകരും പ്രതീക്ഷയോടെ കത്തിരിക്കുന്ന ചിത്രങ്ങളാണ് ദൃശ്യം 2 ഉം ,മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവും. നിലവില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ഉറച്ചു നില്‍ക്കുകയാണ്. ആമസോണ്‍ പ്രൈമുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി , അതോടൊപ്പം റിലീസ് സംബന്ധിച്ച്‌ തിയേറ്ററുടമകളുമായി കരാറില്‍ ഏര്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ ദൃശ്യം 2 സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യില്ല. തന്‍്റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ എത്തിയെങ്കിലും തന്റെ തീരുമാനങ്ങള്‍ക്ക് മോഹന്‍ലാലിന്‍്റെയും ജിത്തു ജോസഫിന്‍്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ആന്റണി അറിയിച്ചു. മാത്രമല്ല മലയാള സിനിമയുടെ നിരവധി കോണുകളില്‍ നിന്നും സംവിധായകരും,പ്രൊഡ്യൂസമാരും ,ഫിലിം ചേംബറും തിയേറ്റര്‍ ഉടമകളും അടക്കം രംഗത്ത് വന്നിരിക്കുകയാണ്. സിനിമയുടെ റീലീസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തിയേറ്ററുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.അപ്പോഴും ദൃശ്യം 2 ഒ.ടി.ടി റിലീസില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആന്റണി പെരുമ്ബാവൂര്‍ ഉറപ്പിച്ചു പറഞ്ഞു. ദൃശ്യം 2 തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് സിനിമാ വ്യവസായത്തിന് ​ഗുണം ചെയ്യുമെന്ന് സംവിധായകന്‍ വിനയന്‍ നിലപാടറിയിച്ചു രംഗത്തെത്തി. ദൃശ്യം 2 ന്റെ നിര്‍മാതാവിന് ഇനിയും പുനര്‍ചിന്തനത്തിന് സമയമുണ്ടെന്നും, മോഹന്‍ലാലിന്റെ ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവിന് വ്യക്തമായ കാരണമുണ്ടാകുമെന്നും മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അറിയിച്ചു.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ തിയറ്ററുകള്‍ അടച്ചപ്പോള്‍ ഒ.ടി.ടി പ്ലാറ്റുഫോം സിനിമ പ്രേമികള്‍ക്കും,സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും അതൊരു ആശ്വാസമായിരുന്നു.നിരവധി പ്രയാസങ്ങള്‍ക്കും,കഷ്ടപ്പാടുകള്‍ക്കും ഒടുവില്‍ സിനിമകള്‍ തിയറ്ററുകള്‍ കാണാനാണ് ഓരോ സിനിമ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.എന്നാല്‍ എന്തുകൊണ്ടാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ഈ സാഹചര്യത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയുന്ന മലയാളത്തിന്റെ നടന്ന വിസ്മയം മോഹന്‍ലാലിന്റെ ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റഫോം വഴി പ്രദര്‍ശിപ്പിക്കുന്നത് എന്നത് ആശങ്കയിലാഴ്ത്തുന്ന ചോദ്യമായി മലയാളം ഇന്‍ഡസ്ട്രയില്‍ ഉയര്‍ന്നു കഴിഞ്ഞു.

ഒരു പക്ഷെ ലോകമെബാടും കാണാനാഗ്രഹിക്കുന്ന ഈ ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ദൃശ്യം ഒന്നാം ഭാഗത്തിന്റെ വിജയത്തിനു ശേഷം നിരവധി ഭാഷകളിലായി തിയറ്റേറുകളെത്തിയത് മലയാള സിനിമയുടെ വിജമായാണ് ഇന്‍ഡസ്ട്രി കാണുന്നത്. അങ്ങനെയുള്ള ഈ ചിത്രം എന്തുകൊണ്ട് തിയറ്ററുകളിലൂടെ അല്ലാതെ ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നു എന്ന ചോദ്യം വിവാദങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. എങ്കിലും കൃത്യമായ ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലാത്തത് കൊണ്ട് മോഹന്‍ലാല്‍ ആരാധകര്‍ക്കും, തിയേറ്റര്‍ ഉടമകള്‍ക്കും, സിനിമ പ്രേമികള്‍ക്കും വലിയ നിരാശയേകുന്നുമുണ്ട്. ജനുവരി അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.