ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചു.

ജനുവരി 14ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഈ സമയം നേപ്പാളിലേക്ക് 1.2 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കും. നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലിയ്‌ക്ക് ഇന്ത്യയില്‍ നിന്നുള‌ള വാക്‌സിന്‍ എത്തിക്കുന്നതാണ് താല്‍പര്യം. ഇതിനായി ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ നീലാംബര്‍ ആചാര്യ ഇന്ത്യയിലെ വിവിധ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനികളുമായി പല തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്കായി ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥരെയും നീലാംബര്‍ ആചാര്യ കണ്ടു. ചൊവ്വാഴ്‌ച നേപ്പാള്‍ അംബാസിഡര്‍ ഭാരത് ബയോടെക് ഡയറക്‌ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു.

നേപ്പാളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൈയയച്ച്‌ സഹായം നല്‍കിയ ചൈന പ്രധാനമന്ത്രി ശര്‍മ്മ ഒലിയും നേപ്പാള്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സഹ അദ്ധ്യക്ഷന്‍ പ്രചണ്ഡയുമായുള‌ള അധികാര തര്‍ക്കത്തില്‍ കൂടുതല്‍ ഇടപെടാനാകാതെ നില്‍ക്കുകയാണ്. നിലവില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി.

നേപ്പാള്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം അടുത്തിടെ തകരാറിലായ ഉഭയകക്ഷി ബന്ധത്തെ പുനരുജ്ജീവിപ്പിക്കാന്‍ കാരണമാകുമെന്നാണ് വിദഗ്‌ദ്ധരുടെ നിരീക്ഷണം. ഭൂമിശാസ്‌ത്രപരമായും, ചരിത്രപരമായും,സാംസ്‌കാരികവും ഭാഷാപരമായും മതപരമായും ഇന്ത്യയുമായി വളരെയധികം ബന്ധമുണ്ട് നേപ്പാളിന്. 2018ലെ നേപ്പാള്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാമായണ കഥയുമായി ബന്ധമുള‌ള ജനക്‌പൂര്‍ നേപ്പാളിലാണ്. ജനക്‌പൂര്‍ വികസനത്തിന് 100 കോടിയുടെ പാക്കേജ് മുന്‍പ് മോദി നേപ്പാളിന് പ്രഖ്യാപിച്ചിരുന്നു