വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന സംഭവത്തില്‍ വീ ഫോര്‍ കേരളപ്രവര്‍ത്തകരെ ന്യായീകരിച്ച്‌ ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ നടപടിയല്‍ അസ്വാഭാവികതയില്ലെന്ന് കമാല്‍ പാഷ പറഞ്ഞു.

‘ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയാണ്. പണികഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ തീരുന്നിടത്താണിത്.

മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,’ കമാല്‍ പാഷ പറഞ്ഞു.

വൈറ്റിലയിലേയും കുണ്ടന്നൂരിലെയും ജനങ്ങള്‍ പാലം തുറന്നു കൊടുക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ. അതുകൊണ്ടാണ് പാലം തുറന്നു കൊടുക്കാന്‍ വൈകിപ്പിക്കുന്നത്. ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജനുവരി 9ന് തുറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അപ്പോള്‍ പോലും കാര്യപരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. ഇടിഞ്ഞു പൊളിഞ്ഞ വഴിയില്‍ മണിക്കൂറുകള്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് ജനങ്ങളിപ്പോള്‍. അവരുടെ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.

ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകള്‍ തുറന്നത്.സംഭവത്തില്‍ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.

സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച്‌ കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.