കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സിനിമാ മേഖലയിലെ സംഘടനയായ ഫിലിം ചേംബര്‍. സിനിമകള്‍ വിതരണത്തിന് നല്‍കില്ല. 50 ശതമാനം ആളുകളെ വെച്ച്‌ സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തിയറ്ററുകള്‍ തുറക്കാത്തത് സര്‍ക്കാറിനോടുള്ള പ്രതിഷേധമല്ലെന്നും ഇവര്‍ പറഞ്ഞു.

തിയേറ്ററുകള്‍ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്ക്) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.

തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി ഒന്‍പതുവരെ മാത്രമായിരിക്കും. മള്‍ട്ടിപ്ളെക്സുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.