ഹൈദരബാദ്: സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചില്ലെങ്കില്‍ 2021 ജൂണിനകം വാക്സിന്‍ തയ്യാറാകുമെന്ന് കോവിഡ് വാക്സിന്‍ മനുഷ്യ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ച ഭാരത് ബയോടെക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍.

12-14 സംസ്ഥാനങ്ങളിലായി 20,000 ത്തിലധികം വോളന്റിയര്‍മാരില്‍ കോവാക്‌സിനായി പരീക്ഷിക്കാനാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി പദ്ധതിയിടുന്നതെന്ന് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച്‌ വികസിപ്പിച്ച കോവാക്സിന്‍ ഇല്ലാതാക്കപ്പെട്ട കോവിഡ്-19 വൈറസിനെ ശരീരത്തില്‍ കുത്തിവച്ച്‌ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇതോടകം അനുമതി ലഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബര്‍ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

ഇതുവരെ, 18 വയസും അതിന് മുകളിലുമുള്ള 28,500 പരീക്ഷണത്തിന്റെ ഭാഗമായതായും ഡല്‍ഹി, മുംബൈ, പട്‌ന, ലഖ്‌നൗ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളിലായി പഠനം നടത്തുമെന്നും കമ്പനി പറയുന്നു.

ഭാരത് ബയോടെക്കിന് പുറമെ, സൈഡസ് കാഡില ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ കാന്‍ഡിഡേറ്റ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ്. ഓക്സ്ഫോര്‍ഡ് കോവിഡ് -19 വാക്സിന്‍ കാന്‍ഡിഡേറ്റ് നിര്‍മ്മിക്കുന്നതിനായി ആസ്ട്രാസെനെക്കയുമായി പങ്കാളിത്തമുള്ള പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ, രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടത്തുകയാണ്.

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഭാരത് ബയോടെക്ക് വ്യക്തമാക്കുന്നു. ‌

ഓഗസ്റ്റ് 15 നകം കോവാക്സിന്‍ വിപണിയില്‍ എത്തിക്കുമെന്ന് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, അടുത്ത വര്‍ഷത്തിന് മുന്‍പായി ഇത്തരമൊരു വാക്സിന്‍ പുറത്തിറക്കുന്നത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിന്നീട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോട് പറഞ്ഞു.

ആഗോളതലത്തില്‍, നൂറിലധികം വാക്സിനുകള്‍ വികസിപ്പിക്കുകയും പരീക്ഷണങ്ങള്‍ നടക്കുകയം ചെയ്യുന്നുണ്ട്. ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത കോവിഡ്-19 മഹാമാരിയ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.