കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലം പുനര്‍നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായിട്ടും മുഖ്യമന്ത്രിയുടെ ഒഴിവ് കാത്ത് ഉദ്ഘാടനം നീട്ടിവെക്കുന്നതില്‍ അമര്‍ഷം പുകയുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ ചിലര്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച്‌ പാലം തുറന്നുകൊടുക്കുകയായിരുന്നു.

അജ്ഞാതരായ ചിലര്‍ ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ പൊലീസ് പുതുതായി രൂപീകരിക്കപ്പെട്ട വിഫോര്‍ കേരള എന്ന സംഘടനയുടെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംഘടനയുടെ കേരള കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ വെച്ചിരിക്കുന്നത്. മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ എറണാകുളത്തെ ഒരു ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണ്‍ ചെറിയാന്‍ എന്ന വിഫോര്‍ കേരള പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ‘പാലം തുറന്നുകൊടുത്തത് ജനങ്ങളാണ്. പണി പൂര്‍ത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും പാലം തുറന്നുകൊടുക്കാത്തതില്‍ ജനങ്ങള്‍ക്ക് രോഷമുണ്ട്. അതാണ് ജനങ്ങള്‍ തന്നെ പാലം തുറക്കുന്നതില്‍ കലാശിച്ചത്,’ പൊലീസ് അറസ്റ്റില്‍ പ്രതിഷേധിച്ച്‌ വി ഫോര്‍ കേരള സെക്രട്ടറി ഷക്കീര്‍ അലി പറഞ്ഞു.

മാത്രമല്ല പാലം ജനങ്ങള്‍ തുറന്നുകൊടുത്ത രാത്രി നിപുണ്‍ ചെറിയാന്‍ സ്ഥലത്തില്ലായിരുന്നു എന്ന വാദവും അറസ്റ്റ് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തതും പൊലീസിന് പുതിയ തലവേദനകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലം പണി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തതില്‍ വൈറ്റിലയിലെയും കുണ്ടന്നൂരിലെയും ജനങ്ങള്‍ യാത്രാക്ലേശത്താല്‍ വലയുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്‍റെ വലിയ നേട്ടമായി അവതരിപ്പിക്കാനാണ് പാലം പണി വൈകിക്കുന്നതെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. ഒടുവില്‍ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജനവരി ഒമ്ബതിന് പാലം ഉദ്ഘാടനം ചെയ്യാമെന്ന് സര്‍ക്കാര്‍ തീയതി അറിയിച്ചത്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന റോഡുകളില്‍ മണിക്കൂറോളം കാത്ത് കാത്ത് കിടന്ന് പൊറുതിമുട്ടിയപ്പോഴാണ് ജനങ്ങള്‍ തന്നെ പാലം തുറന്ന് പ്രതിഷേധിച്ചതെന്നും പറയപ്പെടുന്നു.

വോട്ടിന് വേണ്ടി വിലപേശാന്‍ സര്‍ക്കാര്‍ പാലം ഉദ്ഘാടനം പരമാവധി നീട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ജനവരി ഒമ്ബതിന് സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കെ അതിന് മുമ്ബ് ജനങ്ങള്‍ പാലം തുറന്നുകൊടുത്തതിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റമാരോപിച്ചാണ് പൊലീസുകാര്‍ വിഫോര്‍ കേരളയുടെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഈ കേസ് നിലനില്‍ക്കില്ലെന്നും ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ പാലം തുറന്നതല്ലാതെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

ഉദ്ഘാടനത്തിന് മുമ്ബ് പാലം തുറന്നത് വി4 കേരളയുടെ പ്രവര്‍ത്തകരാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതിന്‍റെ ഭാഗമായാണ് നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അതില്‍ നിപുണ്‍ ചെറിയാനെ വൈകുന്നേരം ഫ്‌ളാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ടില്ലാതെയായിരുന്നു അറസ്റ്റെന്നാണ് നിപുണ്‍ ചെറിയാന്‍റെ ഭാര്യയുടെ പരാതി.

പാലം പണി പൂര്‍ത്തിയായി ഭാരപരിശോധനകള്‍ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നുനല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വിഫോര്‍ കേരള പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാലം തുറന്നുകൊടുത്ത സംഭവവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് വി4 കേരള ഭാരവാഹികള്‍ പറയുന്നത്. പൊലീസ് കാവലുണ്ടായിട്ടും അജ്ഞാതരായ ചിലര്‍ വൈറ്റില പാലം തുറന്നതാണ് സര്‍ക്കാരിനും പൊലീസിനും തിരിച്ചടിയായത്. ഇതോടെയാണ് അര്‍ധരാത്രിയില്‍ തിരക്കിട്ട് നാല് വി4 കേരള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നറിയുന്നു.