സ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച്‌ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ മുസ്ലീം ലീഗ്(എന്‍) നേതാവ് നവാസ് ഷെരീഫിനെയും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഷെരീഫ് പാകിസ്താന് പുറത്ത് കോടിക്കണക്കിന് സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് നവാസ് ഷെരീഫ് അല്ലാതെ മറ്റൊരു നേതാവിനും ശതകോടികളുടെ സ്വത്തുക്കള്‍ ഇല്ല എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഏതെങ്കിലും ഒരു രാജ്യത്തെ പ്രധാനമന്ത്രിക്കോ അല്ലെങ്കില്‍ നേതാവിനോ രാജ്യത്തിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ പറയൂ എന്നാണ് ഇമ്രാന്‍ ഖാന്‍ ചോദിച്ചത്. നമ്മുടെ അയല്‍ രാജ്യത്തിന്റെ കാര്യം നോക്കിയാല്‍ പോലും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് പുറത്ത് എത്ര സ്വത്തുക്കളുണ്ട്? എന്നും ഇമ്രാന്‍ ചോദിച്ചു.

നേരത്തെയും ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം’ വകവയ്‌ക്കാതെ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യ എണ്ണ വാങ്ങിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാരിനെയും ഇമ്രാന്‍ വിമര്‍ശിച്ചു. തലയില്ലാത്ത കോഴിയെപ്പോലെയായിരിക്കുകയാണ് പാകിസ്താന്റെ സമ്ബദ് വ്യവസ്ഥ. ക്വാഡിന്റെ ഭാഗമായിരുന്നിട്ടും, യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിട്ടും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഇന്ത്യ വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങി. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ നമ്മുടെ സര്‍ക്കാരും ഇതാണ് നേടിയെടുക്കാന്‍ ശ്രമിക്കുന്നത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.