വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 88 റൺസ് ജയം. ഇംഗ്ലണ്ടിനെ 88 റൺസിന് തോൽപിച്ച ഇന്ത്യൻ വനിതാ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 2-0ന് അപരാജിത ലീഡ് നേടി.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ വിസ്‌മയ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടാനായി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സെടുത്തു. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മനൊപ്പം നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി.

സ്‌മൃതി മന്ദാന 51 പന്തില്‍ 40 റണ്‍സുമായി 20-ാം ഓവറില്‍ മടങ്ങി. പിന്നീട് വന്ന ഹര്‍മന്‍പ്രീത്-ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വന്‍ കരുത്തായി. 113 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞത് 40-ാം ഓവറില്‍ മാത്രമാണ്. 72 പന്തില്‍ 58 റണ്‍സുമായി ഡിയോള്‍ പുറത്താവുകയായിരുന്നു. പൂജ വസ്‌ത്രകര്‍ 16 പന്തില്‍ 18 റണ്‍സുമായി മടങ്ങിയപ്പോള്‍ ദീപ്‌തി ശര്‍മ്മയെ കൂട്ടുപിടിച്ച് 300 കടത്തുകയായിരുന്നു ഹര്‍മന്‍.