നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വി​ഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ജൂൺ 9 ന് ആയിരുന്നു തെന്നിന്ത്യ കാത്തിരുന്ന ആ വിവാഹം. മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്ളിക്സിലൂടെ ആരാധകർക്കും കാണാൻ സാധിക്കുമെന്ന വാർത്ത പുറത്ത് വരുന്നത് അതിന് തൊട്ടുപിന്നാലെയാണ്.

സംവിധായകൻ ​ഗൗതം മേനോനാണ് വിഡിയോയുടെ സംവിധാനം നിർവഹിക്കുന്നത്. നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന വിഡിയോ എന്നാൽ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സംവിധായകൻ ​ഗൗതം മേനോനാണ് വിഡിയോയുടെ ഉള്ളടകത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

നയൻതാര : ബിയോണ്ട് ദ ഫെയറിടേൽ എന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാലം മുതലുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കും. സിനിമാ ലോകത്ത് എത്തിയതിനെ കുറിച്ചും വി​ഗ്നേഷിനെ പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതുമെല്ലാം ഡോക്യുമെന്ററി കൈകാര്യം ചെയ്യും.