മുംബൈ: മഹാരാഷ്‌ട്രയില്‍ തലയ്‌ക്ക് ലക്ഷങ്ങള്‍ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ഗഡ്ചിരോളി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയായിരുന്ന രാംസായ് ജഗ്‌ദോ കുജുര്‍, ഇറപ്പ് നരംഗോ പല്ലോ എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങുന്ന ഭീകരര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ ആകൃഷ്ടരായാണ് ഇരുവരും ഭീകരവാദം അവസാനിപ്പിച്ചത്. ഗഡ്ചിരോളി പോലീസ് സ്‌റ്റേഷനില്‍ ആയുധങ്ങളുമായി എത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പോലീസ് അറിയിച്ചു.

2009 ലാണ് ഇരുവരും കമ്യൂണിസ്റ്റ് ഭീകരവാദം സ്വീകരിക്കുന്നത്. കസന്‍സൂര്‍ സംഘത്തില്‍ ചേര്‍ന്നായിരുന്നു തുടക്കം. ഗഡ്ചിരോളി കേന്ദ്രീകരിച്ചായിരുന്നു ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. സിആര്‍പിഎഫ് ജവാന്‍ വീരമൃത്യുവരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഏറ്റുമുട്ടലില്‍ പ്രതിയാണ് രാംസായ്. നരംഗോയ്‌ക്കെതിരെയും നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. 2015 ല്‍ മൗജ കുണ്ടലയില്‍ സുരക്ഷാ സേനയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയാണ് നരംഗോ. ഇരുവരുടെയും തലകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.

2019 മുതല്‍ 2022വരെയുള്ള കാലയളവില്‍ 51 കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഭീകരര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പോലീസ് നല്‍കിവരുന്നുണ്ട്. കമ്യൂണിസ്റ്റ് ഭീകരരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പോലീസ് വ്യക്തമാക്കി.