ന്യൂഡല്‍ഹി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ ഇന്ത്യയുടെ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയത്.

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി. ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സന്ദര്‍ശനം സംബന്ധിച്ച്‌ കാര്യങ്ങളില്‍ ബ്രിട്ടണ്‍ വ്യക്തത വരുത്തിയത്.