2023ലെ ഓസ്‌കാറിനുളള മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടി ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷില്‍ ‘അവസാനത്തെ ഫിലിം ഷോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗുജറാത്തി ആണ്. ഒക്ടോബര്‍ 14ന് രാജ്യവ്യാപകമായി റിലീസിന് തയ്യാറെടുക്കുകയാണ് ‘ചെല്ലോ ഷോ’. ഓസ്‌കാര്‍ അവാര്‍ഡ് മാര്‍ച്ച്‌ 12ന് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ സമ്മാനിക്കും.

സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ബാനറില്‍ റോയ് കപൂര്‍ ഫിലിംസ് ആണ് അവതരിപ്പിക്കുന്നത്. ജുഗാദ് മോഷന്‍ പിക്ചേഴ്സ്, മണ്‍സൂണ്‍ ഫിലിംസ്, ചെല്ലോ ഷോ എല്‍എല്‍പി, മാര്‍ക്ക് ഡ്യുവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ട്രൈബെക്ക ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു. പാന്‍ നളിന്‍ സംവിധാനം ചെയ്ത ഈ ചിത്രം, ചെറുപ്പത്തില്‍ തന്നെ സിനിമയുമായി പ്രണയത്തിലായ സംവിധായകന്റെ സ്വന്തം ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ്.

സൗരാഷ്‌ട്രയിലെ ഒരു വിദൂര ഗ്രാമീണമേഖലയിലാണ് കഥ നടക്കുന്നത്. ഒമ്ബത് വയസ്സുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. ഈ ബാലന്‍ ഒരു വേനല്‍ക്കാലത്ത് തീയ്യറ്ററിലെ പ്രൊജക്ഷന്‍ ബൂത്തില്‍ നിന്ന് സിനിമകള്‍ കാണുകയും ചലച്ചിത്രവുമായി ആജീവനാന്ത പ്രണയം ആരംഭിക്കുകയും ചെയ്യുന്നതാണ് കഥ. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത തുടങ്ങിയരാണ് അഭിനേതാക്കള്‍. ഈ ചിത്രം സ്‌പെയിനില്‍ നടന്ന 66-ാമത് വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സ്‌പൈക്ക് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.