മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍്റുമായ സൗരവ് ഗാംഗുലിയെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍. ഗാംഗുലിയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കൊല്‍ക്കത്ത വുഡ്ലാന്‍ഡ്സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്താലും ഒരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ ഗാംഗുലിയുടെ ആരോഗ്യനില കൃത്യമായി പരിശോധിച്ചുകൊണ്ടിരിക്കും. ഈ മാസം രണ്ടാം തിയതിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

“അദ്ദേഹത്തിന് ഹൃദയത്തില്‍ ഒരു ബ്ലോക്കേജ് ഉണ്ടായിരുന്നു. പക്ഷേ, കൃത്യസമയത്ത്, കൃത്യമായ ചികിത്സ അദ്ദേഹത്തിനു ലഭിച്ചു. 20 വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നോ, അങ്ങനെ കരുത്തുണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്‍്റെ ഹൃദയത്തിന്.”- കാര്‍ഡിയാക്ക് സര്‍ജന്‍ ഡോ. ദേവി ഷെട്ടി പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മില്‍ നടത്തിയ വര്‍ക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നീഞ്ചുവേദന ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.