ന്യൂഡല്‍ഹി: വഞ്ചന, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്ന കെവൈസിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉപഭോക്താവിന്റെ വിവരങ്ങള്‍ ഒറ്റ തവണ കൊടുക്കുന്ന തരത്തിലാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഏത് തരത്തിലുള്ള സാമ്ബത്തിക ഇടപാട് നടത്തുന്നതിനും ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെയ്‌ക്കണം. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ വ്യക്തി വിവരങ്ങളും വീണ്ടും കൈമാറണം. ഇത് ലളിതമാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഒരു ഉപഭോക്താവ് കെവൈസി നല്‍കി കഴിഞ്ഞാല്‍ അത് വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ സമയങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ പൊതുവായി കെവൈസി നിലവില്‍ വരുന്നതോടെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും പുതിയ നിക്ഷേപം ആരംഭിക്കുന്നതും എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ മാസത്തില്‍ 6.28 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.ഇതുവഴി ഇടപാടുകളുടെ മൂല്യം 10.62 ലക്ഷം കോടി രൂപ കടന്നതായും ധനമന്ത്രി പറഞ്ഞു . കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 46 ബില്യണിലധികം ഇടപാടുകളാണ് നടന്നത്.84.17 ലക്ഷം കോടി രൂപ ലാഭവിഹിതമായി ലഭിച്ചിരുന്നു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം ഒരു ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയാണ് ലക്ഷ്യം.