തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകും.വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു.മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. രാജ് ഭവനില്‍ വച്ചാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വ്യവസ്ഥകള്‍ അറിയിച്ചത്.ചീഫ്സെക്രട്ടറി വി പി ജോയ് ഇന്നലെയാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. അടുത്തമാസം ആദ്യം സംസ്ഥാനത്തേക്ക് മടങ്ങി വരുമെന്നാണ് വിവരം.അതിനിടെ കേരള സര്‍വ്വകലാശാല വിസി നിയമന സെര്‍ച്ച്‌ കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

അതേസമയം 11 ബില്ലുകളാണ് ഗവര്‍ണറുടെ പരിഗണനക്കായി കാത്തിരിക്കുന്നത് .വിവാദമായ ലോകായുക്ത, സര്‍വ്വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒന്‍പത് ബില്ലുകളിലാണ് വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടത്.