ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന നടിയായിരുന്നു ജയകുമാരി. 1967 ല്‍ ‘കളക്ടര്‍ മാലതി’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജയകുമാരി വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഗുരുതരമായ വൃക്ക രോഗത്തെ തുടര്‍ന്ന് നടിയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചികിത്സയ്‌ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ജയകുമാരിയിപ്പോള്‍.

ആശുപത്രിയില്‍ നിന്നുള്ള ജയകുമാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ചിരഞ്ജീവിയും രജനീകാന്തും അടക്കമുള്ള സഹപ്രവര്‍ത്തകര്‍ നടിക്ക് സഹായവുമായി എത്തിയിരുന്നു. ജയകുമാരിയുടെ ഭര്‍ത്താവ് അബ്ദുള്ള വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. മകന്‍ റോഷനോടൊപ്പമാണ് അവര്‍ താമസിക്കുന്നത്.