ബെയ്ജിംഗ്: ലോകത്തെ അഞ്ചാമത്തെ സമ്ബദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ പ്രശംസയുമായി ചൈന. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന അടിക്കുറിപ്പോടെ ചൈനയുടെ വിദേശകാര്യ മന്ത്രി സാവോ ലിജിയാനാണ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള ബ്ലൂംസ്ബര്‍ഗിന്റെ ട്വീറ്റ് തിരുത്തിയാണ് ലിജിയാന്‍ പങ്കുവെച്ചത്. സമ്ബദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ പിന്നിലായെന്നും ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം മൂന്ന് മാസം കൊണ്ടാണ് ബ്രിട്ടണിനെ മറികടന്നത് എന്നുമാണ് ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇത് തിരുത്തി നേരത്തെ തങ്ങളെ അടക്കിഭരിച്ചിരുന്ന രാജ്യത്തെ കടത്തിവെട്ടിക്കൊണ്ട് ഇന്ത്യ അഞ്ചാമത് സമ്ബദ് വ്യവസ്ഥയായി മുന്നേറിയിരിക്കുകയാണ്. 2021 ല്‍ അവസാനത്തെ മൂന്ന് മാസം കൊണ്ടാണ് ഇന്ത്യ ബ്രിട്ടണിനെ പിന്തളളിയത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രസിദ്ധീകരിച്ച മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) കണക്കുകള്‍ പ്രകാരം, 2021ലെ അവസാന 3 മാസങ്ങളിലാണ് (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെയിലെ ജീവിതച്ചെലവിലുണ്ടായ വന്‍ കുതിച്ചുചാട്ടത്തിനിടയിലാണ് ഇന്ത്യ അഞ്ചാമത് സമ്ബദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഇനിയും മുന്നേറുമെന്നും യുകെ പിന്നോട്ട് പോകുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.