ചണ്ഡീഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള സ്വകാര്യ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലവ്‌ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി മറ്റ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. 10 ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് ഇതെന്നു പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.

ലവ്‌ലി സര്‍വ്വകലാശാലയില്‍ ഡിസൈന്‍ ബിരുദ കോഴ്‌സ് ചെയ്യുന്ന അഗ്നി എസ് ദിലീപ്(21) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും ലഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കപൂര്‍ത്തല പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സര്‍വ്വകലാശാല അതിയായി ദുഃഖിക്കുന്നുവെന്നും കൂടുതല്‍ അന്വേഷണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

നേരത്തെയും ഇത്തരത്തില്‍ ആത്മഹത്യ നടന്നിട്ടുണ്ടെന്നും അധികൃതര്‍ അത് മറച്ചുവെക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. രണ്ട് മരണങ്ങളുടെയും പിന്നിലെ കാരണം വ്യക്തമാക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.