രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ നാളെ എറണാകുളം ജില്ലയില്‍ പ്രവേശിക്കാനിരിക്കെ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറം ബിജെപിയില്‍ ചേര്‍ന്നു. എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റാണ് രാധാകൃഷ്ണന്‍. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം രാധാകൃഷ്ണന്‍ അറിയിച്ചത്.

കോണ്‍ഗ്രസിന്റെ വ്യാപാര സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ഒബിസി കോണ്‍ഗ്രസിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി, ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ച നേതാവായിരുന്നു രാധാകൃഷ്ണന്‍.

”രാഹുലിന്റെ യാത്ര മോഡി സര്‍ക്കാരിനെ ബാധിക്കില്ല. കോണ്‍ഗ്രസില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് രാഹുലിന്റെ നേതൃത്വത്തില്‍ യാത്ര നടത്തുന്നത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി വരെ കോണ്‍ഗ്രസ് വിട്ടുവരുന്ന സമയമാണ്.” അതിന് പിന്നിലുള്ള കാര്യങ്ങള്‍ കാര്യങ്ങള്‍ പാര്‍ട്ടി ചിന്തിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാഹുലിന് ബിജെപി നല്‍കുന്ന പാരിതോഷികമാണ് രാധാകൃഷ്ണന്റെ പാര്‍ട്ടി മാറ്റമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. വൈകിട്ട് ഏഴ് മണിയോടെ അരൂര്‍ പള്ളിക്ക് മുന്നിലാണ് ജില്ലയിലെ പര്യടനം അവസാനിക്കുന്നത്. രാവിലെ ഏഴ് മണിയോടെ ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്നാണ് യാത്രയുടെ ആലപ്പുഴയിലെ അവസാന ദിന പര്യടനം ആരംഭിച്ചത്.

പത്ത് മണിയോടെ കുത്തിയതോട് എന്‍എസ്‌എസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. രണ്ട് മണി മുതല്‍ മൂന്ന് വരെ കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. 4.30 യോടെ യാത്ര പുനരാരംഭിച്ചു. നാല് ദിവസം നീണ്ടു നിന്ന പര്യടനം ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അരൂര്‍ പള്ളിക്ക് മുന്നില്‍ വൈകിട്ട് ഏഴ് മണിയോടെ അവസാനിക്കും. ഇതോടെ കായംകുളത്ത് നിന്നാരംഭിച്ച പദയാത്ര ആലപ്പുഴ ജില്ലയിലെ 90 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കും. ജില്ലയിലെ യുവാക്കള്‍, കയര്‍ത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, അംഗ പരിമിതര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുഗാന്ധി സംസാരിച്ചു. ആലപ്പുഴയിലൂടെയുള്ള യാത്രയില്‍ കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ രാഹുഗാന്ധിക്കൊപ്പം ചേര്‍ന്നു.