യുവതാരം ജോര്‍ജി മമര്‍ദാഷ്വിലിക്ക് പുതിയ കരാര്‍ വലന്‍സിയ. നിലവില്‍ ടീമിന്റെ ഒന്നാം കീപ്പര്‍ ആണ് താരം. ആറടി ആറിഞ്ചുകാരന്‍ കഴിഞ്ഞ സീസണ്‍ മുതല്‍ മികച്ച പ്രകടനമാണ് പോസ്റ്റിന് കീഴില്‍ കാഴ്ച്ച വെക്കുന്നത്. നിലവിലെ കരാര്‍ 2024ഓടെ അവസാനിക്കാന്‍ ഇരിക്കെയാണ് വലന്‍സിയ താരത്തിന് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതോടെ 2027 വരെ ടീമില്‍ തുടരാന്‍ താരത്തിനാവും.

ഇരുപത്തിയൊന്നുകാരനായ താരം ഇതുവരെ ഇരുപതിനാലോളം മത്സരങ്ങളില്‍ ടീമിനായി ഇറങ്ങി. തന്റെ മികച്ച പ്രകടനത്തോടെ കഴിഞ്ഞ സീസണില്‍ ഒന്നാം കീപ്പര്‍ ആയിരുന്ന സില്ലെസണെ മറികടന്ന് പോസ്റ്റില്‍ കീഴില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ മമര്‍ദാഷ്വിലിക്കായിരുന്നു. ജോര്‍ജിയയില്‍ നിന്നും ലോണില്‍ എത്തിയിരുന്ന താരത്തെ പിന്നീട് വലന്‍സിയ സ്വന്തമാക്കുകയായിരുന്നു. ജോര്‍ജിയ ദേശിയ ടീമിന്റെ ജേഴ്‌സിയും താരം അണിഞ്ഞിട്ടുണ്ട്. ഈ സീസണ്‍ മുതല്‍ ടീമിന്റെ ഒന്നാം കീപ്പര്‍ ആയിമാറിയ താരത്തെ ദീര്‍ഘകാലം ടീമില്‍ നിലനിര്‍ത്താനാണ് വലന്‍സിയയുടെ തീരുമാനം.