ഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒരു ചിത്രമുണ്ടായിരുന്നു. തൊപ്പിയും കൂളിങ് ഗ്ലാസും ജാക്കറ്റും ധരിച്ച്‌ കൈയില്‍ ഒരു ക്യാമറയുമായി കുനോ ദേശീയ ഉദ്യാനത്തില്‍ നില്‍ക്കുന്ന സാക്ഷാല്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ചിത്രം.

നമീബിയയില്‍ നിന്നും കൊണ്ട് വന്ന 8 ചീറ്റകളെ തുറന്നു വിടുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഷിയോപൂരില്‍ എത്തിയത്. ചീറ്റകളെ തുറന്നു വിട്ടതിനു ശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം നിന്നാണ് നിക്കോണിന്റെ ഡി എസ് എല്‍ ആര്‍ ക്യാമറയില്‍ പ്രധാനമന്ത്രി ചിത്രങ്ങള്‍ പകര്‍ത്തിയത്.2016-ല്‍ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ നയാ റായ്പൂരിലെ നന്ദന്‍ വാന്‍ ജംഗിള്‍ സഫാരി പാര്‍ക്ക് ഉദ്ഘാടനം ചെയ്ത ശേഷം രാജകീയമായി തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ബംഗാള്‍ കടുവയുടെ ചിത്രവും അദ്ദേഹം പകര്‍ത്തിയിരുന്നു.

നരേന്ദ്ര മോദിയെന്ന പൊതുപ്രവര്‍ത്തകനെ മാത്രമേ നമ്മള്‍ കണ്ടിട്ടൂള്ളൂ എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളിലെ ഫോട്ടോഗ്രാഫറെ അറിയണമെങ്കില്‍ കുറച്ച്‌ വര്‍ഷങ്ങള്‍ പിന്നോട്ട് നാം സഞ്ചരിക്കണം.1988-ല്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘത്തില്‍ നിന്ന് ബി.ജെ.പിയിലേക്ക് എത്തിയ അദ്ദേഹം അഹമ്മദാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആദ്യ വിജയത്തിന് തിരക്കഥയൊരുക്കിയ കാലം. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി വൈദഗ്ധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യമായി മനസിലാക്കുന്നത്.

കൈലാസ് മാനസരോവര്‍ യാത്രപോയ അദ്ദേഹം അവിടെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി. തിരിച്ചെത്തിയ അന്നത്തെ ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന മോദി, തന്റെ ഫോട്ടോ പ്രദര്‍ശനം നടത്തി, അന്ന് അദ്ദേഹം പകര്‍ത്തിയ കൈലാസ് -മാനസരോവര്‍ ചിത്രങ്ങള്‍ സഹപ്രവര്‍ത്തകരെയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെയും ഉള്‍പ്പെടെയുള്ളവരെ അമ്ബരപ്പിച്ചു.

നരേന്ദ്രമോദി എന്നും ടെക്നോളജികളെ ആഴത്തില്‍ സ്നേഹിച്ച വ്യക്തിയായിരുന്നു. മാത്രമല്ല ഫോട്ടോഗ്രാഫിയുടെ ശൈലിയിലും സാങ്കേതികതയിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. അഹമ്മദാബാദിലെ ഫോട്ടോഗ്രാഫര്‍ ശൈലേഷ് റാവല്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച്‌ ഒരു പുസ്തകം എഴുതിയപ്പോള്‍, അദ്ദേഹം മോദിയെക്കുറിച്ച്‌ പരാമര്‍ശിക്കുകയും ആ പുസ്തകത്തില്‍ അദ്ദേഹം എടുത്ത ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു.

1991-ല്‍ ലാല്‍ കൃഷ്ണ അദ്വാനി തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് മത്സരിച്ചപ്പോള്‍, ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനവും ഫോട്ടോഗ്രാഫറെന്ന നിലയിലെ തന്റെ കഴിവുകളും മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു അന്ന് ഗുജറാത്ത് രാഷ്‌ട്രീയത്തിന്റെ അമരക്കാരനായിരുന്ന മോദി. ആ കാലത്ത് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത് ‘യാഷിക എസ്‌എല്‍ആര്‍’ ക്യാമറയായിരുന്നു. അപ്പേര്‍ച്ചര്‍, ഷട്ടര്‍, എന്നിവയെക്കുറിച്ച്‌ വ്യക്തമായി അറിയാവുന്ന ആളുകള്‍ മാത്രമാണ് ആ കാലത്ത് എസ്‌എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിച്ചിരുന്നത്. പല സുപ്രധാന സന്ദര്‍ഭങ്ങളിലും മോദി വിവിധ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് നടത്തിയ ‘ഏക്ത യാത്ര’യുടെ പല ചിത്രങ്ങളും സാക്ഷാല്‍ നരേന്ദ്ര മോദി പകര്‍ത്തിയത് ആയിരുന്നു.

മുഖ്യമന്ത്രി ആയപ്പോഴും തന്റെ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ട്ടം അദ്ദേഹം കൈവിട്ടില്ല.ഇപ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്ബോഴും അദ്ദേഹത്തിന്റെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ കൂടുതല്‍ ഉത്സാഹത്തോടെ നിലനില്‍ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കുന്നത്.