മലയാളിയ്‌ക്ക് വേപ്പിലയില്ലാതെ എന്ത് കറിയല്ലെ. പാചകത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും മുടിയുടെ വളര്‍ച്ചയിലും കറിവേപ്പിലയുടെ പങ്ക് ഒഴിച്ചുകൂടാന്‍ കഴിയുന്നതല്ല. കറിവേപ്പില സുലഭമായി ലഭിക്കാത്തതിനാല്‍ സൂക്ഷിച്ച്‌ വെയ്‌ക്കാന്‍ പാടുപൊടുന്നതായി കാണുന്നു. ദീര്‍ഘ നാളത്തേയ്‌ക്ക് വേപ്പില കേടുകൂടാതെ സൂക്ഷിച്ച്‌ വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില നുറുങ്ങ് വിദ്യകള്‍.

വെള്ളത്തിലിട്ട് സൂക്ഷിച്ചാല്‍ കറിവേപ്പിലയുടെ ഗുണങ്ങള്‍ പോകാതെ ഉപയോഗിക്കാന്‍ കഴിയും. തണ്ടുകളാണ് ഇത്തരത്തില്‍ സൂക്ഷിക്കേണ്ടത്. വലുപ്പമുള്ള കുപ്പിയിലോ ജാറിലോ വെള്ളം നിറച്ച്‌ അതില്‍ ഈ തണ്ടുകള്‍ സൂക്ഷിച്ചുവെയ്‌ക്കാവുന്നതാണ്. തണ്ട് അല്ലാതെ ഇല മാത്രം വെള്ളത്തില്‍ സൂക്ഷിച്ചാല്‍ കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ കറിവേപ്പില ഒരാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാവുന്നതാണ്. തളിരിലകള്‍ വേണം ആദ്യം ഇങ്ങനെ സൂക്ഷിക്കാന്‍ എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

വിനാഗിരിയും വെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ കറിവേപ്പില കഴുകിയെടുത്ത് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നതും കറിവേപ്പില കേടുകൂടാതെയിരിക്കാന്‍ സഹായിക്കും.പ്ലാസ്റ്റിക് പാത്രത്തിന് പകരം ചില്ല് പാത്രത്തിലും വേപ്പില സൂക്ഷിക്കാവുന്നതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്‌ക്കാം. അതിന് ശേഷം മറ്റൊരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച്‌ ഇത് മൂടുക. പാത്രത്തില്‍ അധികം കറിവേപ്പിലകള്‍ നിറയ്‌ക്കാതെ ഇരിക്കാനും മുറുക്കി അടച്ച്‌ വയ്‌ക്കാനും ശ്രദ്ധിക്കണം.ഇങ്ങനെ രണ്ട് മാസം വരെ കറിവേപ്പില സൂക്ഷിക്കാവുന്നതാണ്.

മൂത്ത ഇലകളാണെങ്കില്‍ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. തണ്ടോടു കൂടിയാണ് ഇതും സൂക്ഷിക്കേണ്ടത്. വിനാഗിരിയും വെള്ളവും ഒന്നിപ്പിച്ച്‌ അതില്‍ കറിവേപ്പില മുക്കി വെയ്‌ക്കണം. ശേഷം ഇലകള്‍ കഴുകിെയടുത്ത് പേപ്പറില്‍ നിവര്‍ത്തിയിടുക. രാത്രിയില്‍ ഇങ്ങനെ ചെയ്യുന്നതാണ് ഉത്തമം. ഇങ്ങനെ ഉണക്കിയെടുത്ത ഇലകളാണ് കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കേണ്ടത്. ആറു മാസം വരെ കറിവേപ്പില സൂക്ഷിക്കാന്‍ കഴിയും.