ശ്രീനഗര്‍: 33 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു. ജമ്മു കശ്മീര്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് പുല്‍വാമയിലും ഷോപിയാനിലും സിനിമാ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തത്. തിയേറ്ററുകള്‍ തുറന്ന നടപടിയെ ചരിത്രപരം എന്നാണ് ലഫ്റ്റ്നന്റ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും വൈകാതെ തിയേറ്ററുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ഒരു തലമുറ ആദ്യമായാണ് സിനിമയെ തിയേറ്റര്‍ അനുഭവമായി ആസ്വദിക്കാന്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ് പറഞ്ഞു. മിക്ക യുവാക്കള്‍ക്കും വിനോദോപാധികള്‍ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. അവര്‍ക്കൊക്കെ ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുന്നതോടെ, വിദ്ധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ കശ്മീരിലെ വലിയൊരു വിഭാഗം ചെറുപ്പക്കാരും തയ്യാറാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

സിനിമ എന്തെന്ന് അറിയാത്ത വലിയൊരു വിഭാഗം ജനത കശ്മീരില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്ക് ദീര്‍ഘകാലം വിനോദ മാര്‍ഗങ്ങള്‍ നിഷേധിച്ചവര്‍ വലിയ വഞ്ചനയാണ് ചെയ്തത്. ജമ്മു കശ്മീരിനെ മതനിയമങ്ങളില്‍ കെട്ടിയിടാന്‍ അവര്‍ ശ്രമിച്ചു. ഒരു ജനതയുടെ സന്തോഷങ്ങള്‍ നിഷേധിച്ച മതഭ്രാന്തന്മാരായ വിഘടനവാദികളുടെ മുഖത്തേറ്റ അടിയാണ് തിയേറ്റര്‍ തുറക്കാനുള്ള തീരുമാനമെന്ന് ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി ഡോക്ടര്‍ നിര്‍മ്മല്‍ സിംഗ് വ്യക്തമാക്കി.

1990കളില്‍, കുപ്രസിദ്ധമായ വംശഹത്യകള്‍ വ്യാപകമാകുന്നതിന് മുന്‍പ്, ജമ്മു കശ്മീരില്‍ 19 സിനിമാ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീനഗര്‍, സോപോര്‍, ഹന്ദ്വാര, അനന്തനാഗ്, ബരാമുള്ള എന്നിവിടങ്ങളിലായിരുന്നു അവ. കശ്മീരില്‍ ഭീകരവാദികള്‍ പിടിമുറുക്കിയതോടെ ഇവയെല്ലാം അടച്ച്‌ പൂട്ടുകയായിരുന്നു.