ആലപ്പുഴ: ആറാട്ടുവഴി മോഹനത്തില്‍ അനിലിന്റെ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കേരളത്തിന്റെ തെരുവിഥീകളിലൂടെ ഭാരത് ജോഡോ യാത്രയുമായി നടക്കുന്ന രാഹുല്‍ ഗാന്ധിയാണ് അനിലിന്റെ വീട്ടിലെ അപ്രതീക്ഷിത അതിഥി.

എന്നാല്‍ അതിഥിയുടെ വരവ് ശൗചാലയം തേടിയായിരുന്നു. വീട്ടില്‍ ആദ്യം എത്തിയത് രാഹുലിന്റെ കരിമ്ബൂച്ചകള്‍. കക്കൂസ് ലഭിക്കുമോ എന്ന ചോ​ദ്യവുമായാണ് സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ എത്തിയത്. തുടര്‍ന്ന് വീടിനുള്ളില്‍ കയറി ഇന്ത്യന്‍ ക്ലോസെറ്റും യൂറോപ്യന്‍ ക്ലോസെറ്റും പരിശോധിച്ചു.

വീടിനുള്ളിലെ യൂറോപ്യന്‍ ക്ലോസെറ്റ് പ്രായമായ അമ്മയുടെ മുറിയിലായിരുന്നു. അതിനാല്‍ അത് ഉപയോ​ഗിക്കേണ്ട എന്ന് തീരുമാനിച്ചു. തുടര്‍ന്ന് സുരക്ഷ ഉദ്യോ​ഗസ്ഥരുടെ നിര്‍ദ്ദേശം വന്നു. ആരും വീടിനുള്ളില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞതിന് പിന്നാലെ കരിമ്ബൂച്ചകള്‍ വീട്ടിലേയ്‌ക്ക് ഇരച്ചെത്തി. ആറുവഴി ഹിന്ദ് ടയേഴ്‌സ് ഉടമ അനിലും ഇളയ മകള്‍ അഞ്ജനയും വീടിന് പുറത്തുമായി. ഈ സമയം സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ക്ക് നടുവിലൂടെ രാഹുല്‍ഗാന്ധി വീട്ടിലേയ്‌ക്ക് പ്രവേശിച്ചു. ഇതോടെയാണ് സംഭവം എന്താണെന്ന് വീട്ടുകാര്‍ക്ക് പിടികിട്ടിയത്.

ശൗചാലയം ഉപയോഗിച്ച ശേഷം ഇറങ്ങി വന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് വീണ്ടും കരിമ്ബൂച്ചകള്‍ സുരക്ഷ ഒരുക്കി. ഇതിനിടെ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ കഴിയുമോ എന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാല്‍ സെല്‍ഫി എടുക്കണോ എന്നാണ് രാഹുല്‍ ​ഗാന്ധിയുടെ ചോദ്യം. അവസാനം സെല്‍ഫി എടുത്ത ശേഷം സംതൃപ്തിയോടെ രാഹുല്‍ ഗാന്ധി നടത്തം ആരംഭിക്കുകയായിരുന്നു.