അടുത്ത വര്‍ഷത്തെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെ പറ്റിയുള്ള ആരാധകരുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നത്. 95-ാമത് ഓസ്‌കാര്‍ പുരസ്കാര ചടങ്ങ് 2023 മാര്‍ച്ചില്‍ നടക്കും. മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം പുരസ്കാരങ്ങളുടെ വിഭാ​ഗത്തിലേയ്‌ക്ക് അയക്കാന്‍ കഴിയുന്ന ഇന്ത്യന്‍ ചിത്രത്തിങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജൂറി അംഗങ്ങള്‍. പട്ടികയില്‍ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന് ആരാധകരും സിനിമാ പ്രേമികളും വിലയിരുത്തുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന്, രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍. രണ്ട്, വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ്. സമീപ കാലത്തെ വലിയ ഹിറ്റുകളായിരുന്നു രണ്ട് ചിത്രവും. ഇതില്‍ ഏത് ചിത്രമായിരിക്കും ഓസ്കാര്‍ പുരസ്ക്കാര വേദിയിലേയ്‌ക്ക് പരി​ഗണിക്കുക എന്നതാണ് സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്.

‘ആര്‍ആര്‍ആര്‍ ഫോര്‍ ഓസ്‌കാര്‍’ എന്ന ഹാഷ്‌ടാഗോടെ ജൂനിയര്‍ എന്‍ടിആറും രാം ചരണും ഓസ്കാര്‍ പുരസ്കാരം കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെയ്‌ക്കുകയാണ് ഒരു കൂട്ടം സിനിമാ പ്രേമികള്‍. അടുത്ത വര്‍ഷത്തെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. പാന്‍-ഇന്ത്യ ഹിറ്റ് മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ജനപ്രീതി പിടിച്ചു പറ്റുകയും ഹോളിവുഡ് സിനിമാ നിര്‍മ്മാതാക്കള്‍ പോലും പ്രശംസിക്കുകയും ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. അതിനാല്‍ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം പരിഗണിക്കപ്പെടുമെന്നാണ് ആര്‍ആര്‍ആര്‍ ആരാധകരുടെ അവകാശവാദം.

അതേസമയം, 2023-ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത് കശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുക്കപ്പെടുമെന്ന് വലിയ ശതമാനം സിനിമാ പ്രേമികള്‍ അവകാശപ്പെടുന്നു. ‘ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി കശ്മീര്‍ ഫയല്‍സ് വരണമെന്ന് ജനങ്ങള്‍ ആ​ഗ്രഹിക്കുന്നു. ഇതൊരു മികച്ച സിനിമയാണ്. സാങ്കല്‍പ്പിക കഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക് എത്രനാള്‍ അവാര്‍ഡുകള്‍ നല്‍കിക്കൊണ്ടിരിക്കും. ‘ദ കശ്മീര്‍ ഫയല്‍സ്’ പോലൊരു സിനിമ നിര്‍മ്മിക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്’ എന്ന് ചില സിനിമാ പ്രേമികള്‍ ട്വിറ്ററില്‍ കുറിക്കുന്നു. ‘ഒരു സാധാരണ ചിത്രം എത്ര ശക്തമാണെന്നും, ശബ്ദം ഇല്ലാതിരുന്നവരുടെ ശബ്ദം ആയി മാറാന്‍ ഒരു കൊച്ചു ചിത്രത്തിന് സാധിക്കുമെന്നും മനസ്സിലായത് കാശ്മീര്‍ ഫയല്‍സ് കണ്ടതോടു കൂടിയാണ്’ എന്ന് ചില സിനിമാസ്വാദകര്‍ ട്വിറ്ററില്‍ കുറിച്ചു.

2023-ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ എന്‍ട്രിയായി ആര്‍ആര്‍ആര്‍ അല്ലെങ്കില്‍ ദി കാശ്മീര്‍ ഫയല്‍സ് പരിഗ​ഗണിച്ചേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജൂറി അംഗങ്ങള്‍ ഓസ്‌കാറിന്റെ ഇന്ത്യന്‍ ഔദ്യോഗിക എന്‍ട്രിക്കായി ഇന്ത്യന്‍ സിനിമകള്‍ കണ്ടു വരികയാണ്. ഒക്ടോബര്‍ ആദ്യം വാരം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.