ആധുനിക ലോകത്ത് വിവാഹ സങ്കല്‍പ്പങ്ങള്‍ മാറിയതു പോലെ തന്നെ പങ്കാളികളെ കണ്ടെത്തുന്ന കാര്യങ്ങളിലും മാറ്റം വന്നിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ഇവിടെയും മാറ്റം സൃഷ്ടിച്ചു. ഇഷ്ടപ്പെട്ട പങ്കാളികളെ ആളുകള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് മത്സരിക്കുകയാണ് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍ . മാത്രമല്ല പത്രങ്ങളിലും ഇതിനായി ഒരിടം മാറ്റിവച്ചിട്ടുണ്ട്.

ഇത്തവണ ഒരു വരനെ അന്വേഷിച്ച്‌ കൊണ്ടുള്ള വിവാഹ പരസ്യമാണ് ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുന്നത്. പരസ്യം ഇങ്ങനെ, വരന്‍ ഐഎഎസ് അല്ലെങ്കില്‍ ഐപിഎസ് ഓഫീസര്‍ ആയിരിക്കണം. ഇത് രണ്ടും അല്ലെങ്കില്‍ ഡോക്ടറോ ,വ്യവസായിയോ . കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിര്‍ദ്ദേശമുണ്ട്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ ദയവായി വിളിക്കരുതെന്നാണ് ആ നിര്‍ദ്ദേശം.

ഐടി മേഖലയുടെ ഭാവി അത്ര മികച്ചതായി തോന്നുന്നില്ല എന്ന കുറിപ്പോടെയാണ് ഈ വിവാഹ പരസ്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. നിലവില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യം വ്യാപകമായി പ്രചരിക്കുകയാണ്. രസക്കരമായ മറുപടികളും പരസ്യത്തിന് ലഭിക്കുന്നുണ്ട്. നിങ്ങള്‍ വിഷമിക്കണ്ട, എഞ്ചിനീയര്‍മാര്‍ വിവാഹം ചെയ്യാന്‍ പത്രപരസ്യങ്ങള്‍ തേടി പോകാറില്ല. അവര്‍ സ്വന്തം നിലയിലാണ് പങ്കാളികളെ കണ്ടെത്തുന്നത് എന്നായിരുന്നു ഒരു മറുപടി. ഇതിനിടെ പരസ്യത്തില്‍ വരന്റെ പ്രായം പറഞ്ഞിട്ടില്ലെന്ന നിരീക്ഷണമായി ചിലരും രംഗത്തെത്തിയിട്ടുണ്ട്.