പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ആദ്യ തവണ, വീണ്ടും ചോദ്യം ചെയ്യാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാമ്യഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. നിലവില്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ വാദം.

അതേസമയം, ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 18 നാണ് കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇന്ന് പരിഗണിക്കും.