ലണ്ടന്‍: യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താന്‍ മതതീവ്രവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ അപലപിച്ച്‌ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ആക്രമണത്തിന് ഇരകളായവരെ സംരക്ഷിക്കണമെന്നും യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ലെസ്റ്ററിലാണ് ഇന്ത്യന്‍ സമൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

മാദ്ധ്യമ പ്രവര്‍ത്തകനായ ആദിത്യരാജ് കൗള്‍ പങ്കുവെച്ച വീഡിയോ വഴിയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികള്‍ ക്ഷേത്രത്തിന് മുന്‍പിലായി സ്ഥാപിച്ച കാവിക്കൊടി പിഴുതെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇസ്ലാമിസ്റ്റുകളുടെ ആക്രമണം കണ്ടുനില്‍ക്കുന്നവര്‍ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ മാസം നടന്ന ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ലെസ്റ്റര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്. സര്‍ക്കാരിന് എന്തുകൊണ്ടാണ് മതവിദ്വേഷം നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു. ലെസ്റ്ററിലെ മെല്‍റ്റണ്‍ റോഡിലുളള ആരാധനാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടത്തിയതെന്നും ലെസ്റ്റണ്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.