സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സരിത എസ്. നായര്‍ക്ക് പങ്കെന്നതിന് തെളിവായി ഫോണ്‍രേഖകള്‍. പരാതിക്കാരെ സരിത പലതവണ വിളിച്ചതായി കണ്ടെത്തി.

എന്നാല്‍ ബെവ്കോയിലെ ഉദ്യോഗസ്ഥരും സരിതയും തമ്മില്‍ ഫോണ്‍വിളിയുണ്ടായിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടും അറസ്റ്റ് നടപടികള്‍ വൈകുകയാണ്.

ബവറിജസ് കോര്‍പ്പറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ട് പേരില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് സരിതക്കെതിരായ കേസ്.

ബവ്കോ എം.ഡിയുടെ പേരിലടക്കം വ്യാജരേഖകള്‍ തയാറാക്കിയായിരുന്നു ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചതും ലക്ഷങ്ങള്‍ വാങ്ങിയതും.സരിതക്കൊപ്പം കുന്നത്തുകാല്‍ പഞ്ചായത്തംഗം രതീഷും സുഹൃത്ത് ഷൈജുവുമാണ് പ്രതികള്‍. പ്രതികളുടെയും പരാതിക്കാരുടെയും ഫോണ്‍വിളി രേഖകള്‍ പരിശോധിച്ചതോടെയാണ് സരിതക്ക് തട്ടിപ്പില്‍ പങ്കെന്ന് പൊലീസ് ഉറപ്പിച്ചത്.

തട്ടിപ്പ് നടന്ന സമയങ്ങളില്‍ പലതവണ സരിത പണം നഷ്ടമായ യുവാക്കളെ വിളിച്ചതായി തെളിഞ്ഞു. കൂട്ടുപ്രതികളെയും വിളിച്ചിട്ടുണ്ട്.

അതേസമയം, ബെവ്കോയിലെ അഡ്മിന്‍ മാനേജറായ മീനാകുമാരിക്കും തട്ടിപ്പില്‍ പങ്കെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവര്‍ സരിതയേയോ കൂട്ടുപ്രതികളെയോ ഒരു തവണ പോലും വിളിച്ചിട്ടില്ലെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

അതിനാല്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് നിഗമനം. അതേസമയം സരിതക്കും കൂട്ടുപ്രതികള്‍ക്കും തട്ടിപ്പില്‍ പങ്കെന്ന് ഉറപ്പായിട്ടും അറസ്റ്റിലേക്ക് പൊലീസ് കടന്നിട്ടില്ല. കേസെടുത്തിട്ട് ഒരുമാസമാവുകയാണ്. അറസ്റ്റ് നീട്ടുന്നത് പണം നല്‍കി പരാതി പിന്‍വലിക്കാനുള്ള സാവകാശം നല്‍കുന്നതിനാണെന്ന് ആക്ഷേപമുണ്ട്.

ഉന്നതനിര്‍ദേശമാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നു. എന്നാല്‍ തട്ടിപ്പിന്റെ ഇടപാടുകള്‍ നടന്ന ബാങ്കില്‍ നിന്നുള്ള വിവരം കൂടി ശേഖരിച്ച ശേഷം തുടര്‍നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.