കുവൈറ്റ് സിറ്റി: ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികള്‍ക്ക് കുവൈറ്റില്‍ ഇത് കഷ്ടകാലം. അവര്‍ക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്ബള പരിധി ഉയര്‍ത്തിയിരിക്കുകയാണ് അധികൃതര്‍. ഫാമിലി, ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്ബളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഈ നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ആര്‍ട്ടിക്ക് 17, 18 വിസകളിലുള്ള എല്ലാ പ്രവാസികള്‍ക്കും ഈ നിബന്ധന ബാധകമാവുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാമിലി വിസയ്ക്ക് അപേക്ഷ നല്‍കുന്ന പ്രവാസികള്‍ ശമ്ബളം തെളിയിക്കുന്നതിന് ഒറിജിനല്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതില്‍ 800 ദിനാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഇതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക ശമ്ബളം വാങ്ങുന്നുണ്ടെങ്കിലും വര്‍ക്ക് പെര്‍മിറ്റില്‍ 800 ദിനാര്‍ ഇല്ലെങ്കില്‍ അത് പരിഗണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മലയാളികള്‍ക്ക് ഉള്‍പ്പെടെ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനമായിരിക്കും ഇത്. ഈ നിയമം നിലവില്‍ വരുന്നതോടെ മിക്കവാറും പേര്‍ക്ക് തങ്ങളുടെ കുടുംബക്കാരെ കുവൈറ്റിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരും. 800 ദിനാര്‍ ശമ്ബളം വാങ്ങുന്നവരാണെങ്കില്‍ പോലും അത് വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അതുകൊണ്ട് കാര്യമുണ്ടാവില്ല. നിലവില്‍ 800ല്‍ കുറവ് ശമ്ബളമുള്ള പ്രവാസികളുടെ കുവൈറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും സ്ഥിതി എന്താകുമെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ.

നിലവില്‍ 500 ദിനാറാണ് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്ബളം. അഥവാ ഒന്നേകാല്‍ ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. എന്നാല്‍ അത് 800 റിയാലായി ഉയര്‍ത്തുന്നതോടെ ഭൂരിപക്ഷം പ്രവാസികള്‍ക്കും ഇതിനുള്ള യോഗ്യത ഇല്ലാതായിത്തീരും. ഉയര്‍ന്ന വരുമാനമുള്ളവരും കുടുംബത്തിന് കുവൈറ്റില്‍ മാന്യമായ ജീവിത നിലവാരം പ്രദാനം ചെയ്യാന്‍ കഴിയുന്നവരുമായ പ്രവാസികള്‍ മാത്രം കുടുംബത്തെ കൊണ്ടുവന്നാല്‍ മതിയെന്ന നിലപാടാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രവാസി ജനസംഖ്യ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുടുംബ വിസയില്‍ വരുന്നവര്‍ പുതിയ ജോലി തേടി ഇറങ്ങുന്നത് രാജ്യത്തെ തൊഴില്‍ കമ്ബോളത്തിന്റെ താളം തെറ്റിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നുണ്ട്. അതിനാല്‍ നല്ല ശമ്ബളം ഉള്ളവരും ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കേണ്ട ആവശ്യമില്ലാത്തവരുമായ പ്രവാസികള്‍ മാത്രം അവരെ കൊണ്ടുവന്നാല്‍ മതിയെന്ന നിലപാടിലാണ് അധികൃതരെന്ന് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.